Skip to content

അവൻ ഫേക്ക് ഫീൽഡിങ് നടത്തി, കോഹ്ലിയ്ക്കെതിരെ ആരോപണവുമായി ബംഗ്ലാദേശ് താരം

ഇന്ത്യയ്ക്കെതിരായ മത്സരത്തിലെ തോൽവിയ്ക്ക് പുറകെ വിരാട് കോഹ്ലിയ്‌ക്കെതിരെ ആരോപണവുമായി ബംഗ്ലാദേശ് വൈസ് ക്യാപ്റ്റൻ നുറുൾ ഹസൻ. മത്സരത്തിനിടെ കോഹ്ലി ഫേക് ഫീൽഡിങ് നടത്തിയെന്നും അഞ്ച് റൺസ് പെനാൽറ്റി തങ്ങൾക്ക് നൽകണമായിരുന്നുവെന്ന് മത്സരശേഷം നുറുൾ പറഞ്ഞു.

മത്സരത്തിൽ അഞ്ച് റൺസിനായിരുന്നു ഇന്ത്യ വിജയിച്ചത്. 16 ഓവറിൽ 151 റൺസിൻ്റെ വിജയലക്ഷ്യം ബംഗ്ലാദേശിന് 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.

185 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 7 ഓവറിൽ 66 റൺസ് നേടിനിൽക്കവെയാണ് മഴ കളി തടസ്സപ്പെടുത്തിയത്. തുടർന്നാണ് DLS നിയമപ്രകാരം വിജയലക്ഷ്യം 16 ഓവറിൽ 151 റൺസായി നിശ്ചയിച്ചത്.

” ഞങ്ങൾ നനഞ്ഞ ഔട്ട് ഫീൽഡിലാണ് കളിച്ചതെന്ന് നിങ്ങൾ കണ്ടുവല്ലോ, കൂടാതെ മത്സരത്തിൽ ഫേക്ക് ഫീൽഡിങും നടന്നിരുന്നു, പക്ഷേ ഞങ്ങൾക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ല. ” നുറുൾ ഹസൻ പറഞ്ഞു.

മത്സരത്തിൽ ഏഴാം ഓവറിനിടെ ബൗണ്ടറി ലൈനിൽ നിന്നും അർഷ്ദീപ് ദിനേശ് കാർത്തിക്കിൻ്റെ കൈകളിലേക്ക് പന്ത് ത്രോ ചെയ്യുകയും ഇതിനിടയിൽ വിരാട് കോഹ്ലി പന്ത് ത്രോ ചെയ്യുന്ന ആക്ഷൻ കാണിക്കുകയും ചെയ്തിരുന്നു. ഇത് ഫേക് ഫീൽഡിങ് ആണെന്നും അഞ്ച് റൺസ് പേനാൽറ്റി അമ്പയർമാർ നൽകണമായിരുന്നുവെന്നുള്ള ആരോപണമാണ് ഇപ്പോൾ ബംഗ്ലാദേശ് ആരാധകരും നുറുൽ ഹസനും ഉന്നയിക്കുന്നത്.

മത്സരത്തിൽ വിരാട് കോഹ്ലിയുടെ മികവിലായിരുന്നു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടിത്. 44 പന്തിൽ പുറത്താകാതെ 64 റൺസ് കോഹ്ലി നേടിയിരുന്നു. കോഹ്ലിയ്ക്കൊപ്പം 50 റൺസ് നേടിയ കെ എൽ രാഹുലും 16 പന്തിൽ 30 റൺസ് നേടിയ സൂര്യകുമാർ യാദവും മികവ് പുലർത്തി.