Skip to content

മായങ്ക് അഗർവാളിൻ്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചു, പഞ്ചാബ് കിങ്സിന് പുതിയ ക്യാപ്റ്റൻ

ഐ പി എല്ലിൽ പഞ്ചാബ് കിങ്സിന് വീണ്ടും പുതിയ ക്യാപ്റ്റൻ. ടീമിലെ സീനിയർ താരം ശിഖാർ ധവാനായിരിക്കും വരുന്ന സീസണിൽ പഞ്ചാബ് കിങ്സിനെ നയിക്കുക.

ഈ കഴിഞ്ഞ സീസണിലെ മോശം പ്രകടനമാണ് മായങ്ക് അഗർവാളിൻ്റെ ക്യാപ്റ്റൻ സ്ഥാനം തെറിപ്പിച്ചത്. ക്യാപ്റ്റൻസിയ്ക്കൊപ്പം ബാറ്റിങിലും മികവ് പുലർത്താൻ താരത്തിന് സാധിച്ചിരുന്നില്ല. ഇന്നലെ നടന്ന ഫ്രാഞ്ചൈസ് മീറ്റിങിലാണ് ധവാനെ ക്യാപ്റ്റനായി നിയമിക്കാനുള്ള തീരുമാനത്തിന് അംഗീകാരം ലഭിച്ചത്. പുതിയ ഹെഡ് കോച്ച് ട്രെവർ ബെയ്ലിസും ഈ തീരുമാനത്തെ പിന്തുണച്ചു.

കഴിഞ്ഞ സീസണിൽ മായങ്ക് അഗർവാളിനെയും അർഷ്ദീപ് സിങിനെയും മാത്രമാണ് പഞ്ചാബ് ടീം നിലനിർത്തിയത്. ലേലത്തിൽ ധവാനെ സ്വന്തമാക്കിയെങ്കിലും ക്യാപ്റ്റനായി അഗർവാളിനെ ടീം നിയമിക്കുകയായിരുന്നു. പക്ഷേ ടീമിനെ മികച്ച രീതിയിൽ നയിക്കാൻ പറ്റിയില്ലെന്ന് മാത്രമല്ല ക്യാപ്റ്റൻസി താരത്തിൻ്റെ പ്രകടനത്തെയും ബാധിച്ചിരുന്നു.

നിലവിൽ രോഹിത് ശർമ്മയും മറ്റു മുതിർന്ന താരങ്ങളും ഇല്ലാത്ത ഏകദിന പരമ്പരകളിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ശിഖാർ ധവാനാണ്. ബെയർസ്റ്റോ, ലിവിങ്സ്റ്റൺ, റബാഡ അടക്കം വമ്പൻ താരനിരയുള്ള ടീമിൻ്റെ ക്യാപ്റ്റനായി പരിചയസമ്പന്നനായ ധവാൻ എത്തുന്നതോടെ വരുന്ന സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാമാകുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെൻ്റും ആരാധകരുമുള്ളത്.

ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറ്റിയതോടെ മായങ്ക് അഗർവാളിനെ ടീം നിലനിർത്തുമോയെന്ന കാര്യത്തിൽ തീർച്ചയില്ല. 12 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണിൽ താരത്തെ ടീം നിലനിർത്തിയത്.