Skip to content

ഒടുവിൽ ഒന്നാം സ്ഥാനം അർഹിച്ച കൈകളിൽ, റാങ്കിങിൽ മൊഹമ്മദ് റിസ്വാനെ പിന്നിലാക്കി സൂര്യകുമാർ യാദവ്

ഐസിസി ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി സൂര്യകുമാർ യാദവ്. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിലും മികവ് പുലർത്തിയതോടെ ഒടുവിൽ അർഹിച്ച ഒന്നാം സ്ഥാനം സ്വന്തമാക്കുവാൻ സൂര്യകുമാർ യാദവിന് സാധിച്ചത്.

പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാനെ പിന്നിലാക്കിയാണ് റാങ്കിങിൽ ഒന്നാം സ്ഥാനം സൂര്യകുമാർ യാദവ് സ്വന്തമാക്കിയത്. ഈ ലോകകപ്പിൽ മോശം പ്രകടനമാണ് റിസ്വാൻ കാഴ്ച്ചവെച്ചത്. മറുഭാഗത്ത് ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ തിളങ്ങാൻ സാധിച്ചില്ലയെങ്കിലും നെതർലൻഡ്സിനെതിരെയും സൗത്താഫ്രിക്കയ്ക്കെതിരെയും നടന്ന തുടർച്ചയായ മത്സരങ്ങളിൽ സൂര്യകുമാർ യാദവ് ഫിഫ്റ്റി നേടിയിരുന്നു.

ലോകകപ്പിൽ ഇതുവരെ മൂന്ന് ഇന്നിങ്സിൽ നിന്നും 134 റൺസ് സൂര്യകുമാർ യാദവ് നേടിയിട്ടുണ്ട്. ഗൗതം ഗംഭീറിനും വിരാട് കോഹ്ലിയ്ക്കും ശേഷം ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഇന്ത്യൻ ബാറ്റ്സ്മാനാണ് സൂര്യകുമാർ യാദവ്.

വിരാട് കോഹ്ലിയാണ് സൂര്യകുമാർ യാദവിനെ കൂടാതെ റാങ്കിങിൽ ആദ്യ പത്തിലുള്ള ഇന്ത്യൻ താരം. ലോകകപ്പിൽ ന്യൂസിലൻഡിന് വേണ്ടി മികച്ച പ്രകടനം തുടരുന്ന ഗ്ലെൻ ഫിലിപ്പ്സ് റാങ്കിങിൽ ഏഴാം സ്ഥാനത്തെത്തി.