Skip to content

സ്വന്തം കാര്യം സിന്ദാബാദ്, ബാബർ അസം സ്വാർത്ഥനായ ക്യാപ്റ്റനാണെന്ന് ഗൗതം ഗംഭീർ

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ രംഗത്ത്. ബാബർ അസം സ്വാർത്ഥ താല്പര്യങ്ങളുള്ള ക്യാപ്റ്റനാണെന്നും ടീമിനെ കുറിച്ച് ബാബർ ചിന്തിക്കുന്നില്ലെന്നും ഗംഭീർ തുറന്നടിച്ചു.

ഫഖർ സമാനെ ഓപ്പണറായി ഇറക്കാത്ത തീരുമാനം ചൂണ്ടികാട്ടിയാണ് ബാബർ അസം സ്വാർത്ഥനായ ക്യാപ്റ്റനാണെന്ന് ഗംഭീർ തുറന്നടിച്ചത്.

” ബാബർ അസം ഫഖാർ സമാനെ ഓപ്പണറായി ഇറക്കേണ്ടതായിരുന്നു. ഇതിനെയാണ് സ്വാർത്ഥത എന്ന് പറയുന്നത്. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ സ്വാർത്ഥനാവുകയെന്നത് എളുപ്പമാണ്. പാകിസ്ഥാന് വേണ്ടി ഓപ്പൺ ചെയ്ത് ബാബറിനും റിസ്വാനും ഒരുപാട് റെക്കോർഡുകൾ ഉണ്ടാക്കുവാൻ സാധിക്കും. പക്ഷേ ഒരു നേതാവ് എന്ന നിലയിൽ ടീമിനാണ് മുൻഗണന നൽകേണ്ടത്. ” ഗംഭീർ പറഞ്ഞു.

ബാബറിൻ്റെയും റിസ്വാൻ്റെയും ഓപ്പണിങ് കൂട്ടുകെട്ട് നിരവധി മത്സരങ്ങളിൽ ടീമിന് വിജയം സമ്മാനിച്ചിട്ടുണ്ടെങ്കിലും അതിനൊപ്പം തന്നെ ഇരുവരുടെയും കൂട്ടുകെട്ട് ടീമിന് തിരിച്ചടി പലപ്പോഴും സമ്മാനിച്ചിരുന്നു. മുൻ പാക് താരങ്ങൾ അടക്കം പവർപ്ലേയിലെ ഇരുവരുടെയും സമീപനത്തെ വിമർശിച്ചിരുന്നു. ഈ ലോകകപ്പിൽ മോശം പ്രകടനമാണ് ബാബർ അസം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. മറുഭാഗത്ത് റിസ്വാനും ലോകകപ്പിൽ മികവ് പുലർത്താൻ സാധിച്ചിട്ടില്ല.