Skip to content

പ്രഖ്യാപിച്ചത് നാല് പരമ്പരകൾക്കുള്ള ടീമുകൾ, എന്നിട്ടും യുവതാരത്തിന് ടീമിൽ ഇടമില്ല

ഇന്ത്യൻ നാഷണൽ ടീമിൽ നിന്നും പാടെ തഴയപെട്ട് യുവതാരം പൃഥ്വി ഷാ. ഇന്ന് നാല് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോൾ ഒന്നിൽ പോലും ഇടം നേടുവാൻ താരത്തിന് സാധിച്ചില്ല.

തകർപ്പൻ പ്രകടനമാണ് ആഭ്യന്തര ക്രിക്കറ്റിൽ അടക്കം പൃഥ്വി ഷാ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ ബംഗ്ലാദേശിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകൾക്കും, ന്യൂസിലാൻഡിനെതിരായ ടി20, ഏകദിന ടീമുകൾക്കുമുള്ള ടീമുകൾ ഒരേ ദിവസം പ്രഖ്യാപിച്ചപ്പോൾ ഒന്നിൽ പോലും ഇടം നേടുവാൻ പൃഥ്വി ഷായ്ക്ക് സാധിച്ചില്ല. പൃഥ്വി ഷായ്ക്കൊപ്പം രഞ്ജി ട്രോഫിയിൽ അടക്കം മികച്ച പ്രകടനം കാഴ്ച്ചവെച്ച സർഫറാസ് ഖാനും ടീമിൽ ഇടം നേടുവാൻ സാധിച്ചില്ല.

പ്രിഥ്വി ഷായ്ക്ക് ഉടനെ അവസരം ലഭിക്കുമെന്നാണ് ടീമിനെ പ്രഖ്യാപിച്ച വേളയിൽ ചീഫ് സെലക്ടർ ചേതൻ ശർമ്മ പറഞ്ഞത്. പക്ഷേ ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോഴായിരിക്കും താരത്തിന് അവസരം നൽകുകയെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ശുഭ്മാൻ ഗില്ലിനെ ഉൾപ്പെടുത്തിയ തീരുമാനത്തെയും ആരാധകർ ചോദ്യം ചെയ്തു. 2021 മുതലുള്ള പ്രകടനം വെച്ചുനോക്കിയാൽ ടി20 ക്രിക്കറ്റിൽ 38 മത്സരങ്ങളിൽ നിന്നും 30 ന് മുകളിൽ ശരാശരിയിൽ 158.09 സ്ട്രൈക്ക് റേറ്റിൽ 1154 റൺസ് പൃഥ്വി ഷാ നേടിയിട്ടുണ്ട്. മറുഭാഗത്ത് ഗില്ലിനാകട്ടെ 42 മത്സരങ്ങളിൽ 30.48 ശരാശരിയിൽ 123.08 സ്ട്രൈക്ക് റേറ്റിൽ 1189 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചിട്ടുള്ളത്.