Skip to content

പറത്തിയത് 13 സിക്സ്, ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോർ നേടി ഡെവാൾഡ് ബ്രെവിസ്

സൗത്താഫ്രിക്ക ടി20 ചലഞ്ച് ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് സൗത്താഫ്രിക്കയുടെ ഭാവി സൂപ്പർ സ്റ്റാർ ഡെവാൾഡ് ബ്രെവിസ്. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോർ നേടിയാണ് താരം പുറത്തായത്. ടൈറ്റൻസും നൈറ്റ്സും തമ്മിലുള്ള മത്സരത്തിലായിരുന്നു ടൈറ്റൻസ് താരമായ ബ്രെവിസ് അവിശ്വസനീയ പ്രകടനം കാഴ്ച്ചവെച്ചത്.

വെറും 35 പന്തിൽ നിന്നും സെഞ്ചുറി കുറിച്ച താരം 57 പന്തിൽ 13 ഫോറും 13 സിക്സും ഉൾപ്പടെ 162 റൺസ് നേടിയാണ് പുറത്തായത്. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ വ്യക്തിഗത സ്കോറാണിത്.

2019 ൽ അയർലൻഡിനെതിരെ 62 പന്തിൽ പുറത്താകാതെ 162 റൺസ് നേടിയ അഫ്ഗാൻ താരം ഹസ്രതുള്ള സസായ്, 2016 ലെ ആഭ്യന്തര ടൂർണ്ണമെൻ്റിൽ 71 പന്തിൽ പുറത്താകാതെ 162 റൺസ് നേടിയ സിംബാബ്‌വെ താരം മസകഡ്സ എന്നിവർക്കൊപ്പമാണ് ബ്രെവിസ് എത്തിയത്.

സിംബാബ്‌വെയ്ക്കെതിരെ 76 പന്തിൽ 172 റൺസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, ഐ പി എല്ലിൽ പുണെ വാരിയേഴ്സിനെതിരെ 66 പന്തിൽ പുറത്താകാതെ 175 റൺസ് നേടിയ ക്രിസ് ഗെയ്ൽ എന്നിവരാണ് ഈ നേട്ടത്തിൽ ബ്രെവിസിന് മുൻപിലുള്ളത്.