Skip to content

ഇനി ലോകകപ്പിലും ഒന്നാമൻ, ചരിത്രനേട്ടത്തിൽ ശ്രീലങ്കൻ ഇതിഹാസത്തെ പിന്നിലാക്കി വിരാട് കോഹ്ലി

ഐസിസി ടി20 ലോകകപ്പിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി, ബംഗ്ലാദേശിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെയാണ് ഈ ചരിത്രനേട്ടം കിങ് കോഹ്ലി സ്വന്തമാക്കിയത്.

മത്സരത്തിൽ 44 പന്തിൽ 8 ഫോറും ഒരു സിക്സും അടക്കം പുറത്താകാതെ 64 റൺസ് വിരാട് കോഹ്ലി നേടിയിരുന്നു. ഈ പ്രകടനത്തോടെ ഐസിസി ടി20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനായി കോഹ്ലി മാറി.

മത്സരത്തിലെ ഫിഫ്റ്റി അടക്കം ലോകകപ്പിൽ 25 ഇന്നിങ്സിൽ നിന്നും 88.75 ശരാശരിയിൽ 1065 റൺസ് വിരാട് കോഹ്ലി നേടിയിട്ടുണ്ട്. 31 ഇന്നിങ്സിൽ നിന്നും 1016 റൺസ് നേടിയ ശ്രീലങ്കൻ ഇതിഹാസ താരം മഹേള ജയവർധനെയെയാണ് കിങ് കോഹ്ലി പിന്നിലാക്കിയത്.

ഈ ലോകകപ്പിലെ കോഹ്ലിയുടെ മൂന്നാമത്തെ ഫിഫ്റ്റിയാണിത്. ഇതോടെ ഈ ലോകകപ്പിലും ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനായി കോഹ്ലിമാറി. 4 ഇന്നിങ്സിൽ നിന്നും 220 റൺസ് കോഹ്ലി നേടിയിട്ടുണ്ട്. സൗത്താഫ്രിക്കയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ മാത്രമാണ് കോഹ്ലി പുറത്തായത്.

മത്സരത്തിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് ഇന്ത്യ നേടി. കോഹ്ലിയ്ക്കൊപ്പം 32 പന്തിൽ 50 റൺസ് നേടിയ കെ എൽ രാഹുലും 16 പന്തിൽ 30 റൺസ് നേടിയ സൂര്യകുമാർ യാദവുമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. രവിചന്ദ്രൻ അശ്വിൻ 6 പന്തിൽ 13 റൺസ് നേടി പുറത്താകാതെ നിന്നു.