Skip to content

ഇത് രാജാവിൻ്റെ തേരോട്ടം, ഓസ്ട്രേലിയൻ മണ്ണിലെ സച്ചിൻ്റെ റെക്കോർഡും തകർത്തു

ഐസിസി ടി20 ലോകകപ്പിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് കിങ് കോഹ്ലി. ബംഗ്ലാദേശിനെതിരായ മത്സരത്തിലും ഫിഫ്റ്റി കോഹ്ലി പുറത്താകാതെ നിന്നിരുന്നു. ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെയും പിന്നിലാക്കിയിരിക്കുകയാണ് കിങ് കോഹ്ലി.

ഈ ലോകകപ്പിലെ തൻ്റെ മൂന്നാമത്തെ ഫിഫ്റ്റി നേടിയ കോഹ്ലി പുറത്താകാതെ 64 റൺസ് നേടിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ ഓസ്ട്രേലിയൻ മണ്ണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ വിരാട് കോഹ്ലി പിന്നിലാക്കി.

ഓസ്ട്രേലിയയിൽ കളിച്ച 67 മത്സരങ്ങളിൽ നിന്നും 42.85 ശരാശരിയിൽ 3300 റൺസാണ് സച്ചിൻ ടെണ്ടുൽക്കർ നേടിയിട്ടുള്ളത്. മറുഭാഗത്ത് ഓസ്ട്രേലിയയിൽ ഇതുവരെ കളിച്ച 57 ഇന്നിങ്സിൽ നിന്നും 56.77 ശരാശരിയിൽ 3350 റൺസ് വിരാട് കോഹ്ലി നേടിയിട്ടുണ്ട്. 1991 റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും 1703 റൺസ് നേടിയ വി വി എസ് ലക്ഷ്മണുമാണ് ഈ നേട്ടത്തിൽ കോഹ്ലിയ്ക്കും സച്ചിനും പിന്നിലുള്ളത്.

ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വിദേശ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് നിലവിൽ കോഹ്ലിയുള്ളത്. 4529 റൺസ് നേടിയ വിവിയൻ റിച്ചാർഡ്സ്, 4238 റൺസ് നേടിയ ഡെസ്മണ്ട് ഹെയ്ൻസ്, 3370 റൺസ് നേടിയ ബ്രയാൻ ലാറ എന്നീ ഇതിഹാസ താരങ്ങളാണ് ഈ പട്ടികയിൽ കോഹ്ലിയ്‌ക്ക് മുൻപിലുള്ളത്.