Skip to content

അടുത്ത മത്സരത്തിൽ ഞങ്ങൾ ശക്തമായി തിരിച്ചെത്തും, പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിലെ തോൽവിയോട് പ്രതികരിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. തോൽവിയിലും ടീമിൻ്റെ മോശം പ്രകടനത്തിലും നിരാശയുണ്ടെന്നും എന്നാൽ അടുത്ത മത്സരത്തിൽ പാകിസ്ഥാൻ ശക്തമായി തിരിച്ചെത്തുമെന്നും ബാബർ അസം പറഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ 130 റൺസിൽ ഒതുക്കിയ പാകിസ്ഥാൻ വലിയ വിജയപ്രതീക്ഷയോടെയാണ് ചേസിങിനിറങ്ങിയത്. എന്നാൽ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് നേടുവാൻ മാത്രമേ പാകിസ്ഥാന് സാധിച്ചുള്ളൂ.

” തീർത്തും നിരാശജനകമായ പ്രകടനമാണ് ഞങ്ങൾ കാഴ്ച്ചവെച്ചത്. ബാറ്റിങിൽ മികവ് പുലർത്താൻ ഞങ്ങൾക്ക് സാധിച്ചില്ല. ഞങ്ങൾക്ക് മികച്ച ബാറ്റ്സ്മാന്മാർ ഉണ്ട്. പക്ഷേ പവർപ്ലേയിൽ രണ്ട് ഓപ്പണർമാരെയും ഞങ്ങൾക്ക് നഷ്ടമായി. ഷദാബും ഷാൻ മസൂദും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ഷദാബ് പുറത്തായി. തുടർച്ചയായ രണ്ട് വിക്കറ്റ് ഞങ്ങളെ സമ്മർദ്ദത്തിലാക്കി. ”

” ആദ്യ 6 ഓവറിൽ ന്യൂ ബോൾ നല്ലതുപോലെ ഉപയോഗിക്കുവാൻ ഞങ്ങൾക്ക് സാധിച്ചില്ല. പക്ഷേ ബൗളിങിൽ നന്നായി ഫിനിഷ് ചെയ്യുവാൻ ഞങ്ങൾക്ക് സാധിച്ചു. ഞങ്ങൾ ഞങ്ങളുടെ തെറ്റുകൾ ചർച്ച ചെയ്തുകൊണ്ട് നല്ലപോലെ പരിശീലനം നടത്തും. അടുത്ത മത്സരത്തിൽ ശക്തമായി തന്നെ ഞങ്ങൾ തിരിച്ചെത്തും. ” ബാബർ അസം പറഞ്ഞു.

രണ്ട് മത്സരങ്ങളിൽ രണ്ട് തോൽവിയോടെ രണ്ടാം ഗ്രൂപ്പിലെ പോയിൻ്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാനുള്ളത്. പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനക്കാരായ നെതർലൻഡ്സുമായാണ് പാകിസ്ഥാൻ്റെ അടുത്ത മത്സരം.