Skip to content

അവസാന പന്തിൽ റണ്ണൗട്ടിന് വഴിവെച്ചത് റാസയുടെ ബ്രില്ല്യൻസ്, കാരണം ഇതാണ്

തകർപ്പൻ ബൗളിങ് പ്രകടനമാണ് പാകിസ്ഥാനെതിരായ ആവേശപോരാട്ടത്തിൽ സിക്കന്ദർ റാസ കാഴ്ച്ചവെച്ചത്. ഈ പ്രകടനം മാത്രമല്ല മത്സരത്തിലെ അവസാന പന്തിൽ റാസ കാണിച്ച ബ്രില്ല്യൻസാണ് മത്സരത്തിൽ സിംബാബ്‌വെയ്ക്ക് വിജയം സമ്മാനിച്ചത്. മിക്ക മികച്ച ഫീൽഡർമാർ ചെയ്യുന്നതാണെങ്കിൽ പോലും റാസയുടെ ബ്രില്ല്യൻസിൻ്റെ പ്രാധാന്യം വിസ്മരിക്കാൻ സാധിക്കില്ല.

മത്സരത്തിൽ അവസാന പന്തിൽ മൂന്ന് റൺസായിരുന്നു പാകിസ്ഥാന് വേണ്ടിയിരുന്നത്. ബ്രാഡ് ഇവാൻസ് അവസാന പന്ത് എറിയുന്നതിന് മുൻപേ തന്നെ നോൺ സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന മൊഹമ്മദ് വാസിം റണ്ണിനായി ഓടിതുടങ്ങിയിരുന്നു. ഷഹീൻ ലോങ് ഓണിലേക്ക് പായിച്ച പന്ത് റാസയായിരുന്നു കൈപ്പിടിയിൽ ഒതുക്കിയത്.

വാസിം നേരത്തേ തന്നെ ഓടിയിരുന്നത് ശ്രദ്ധിച്ചിരുന്ന റാസ ഈ നിർണായക നിമിഷത്തിലും ഒട്ടും പതറാതെ പന്ത് നേരെ സ്ട്രൈക്കർ എൻഡിൽ വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് എറിഞ്ഞുകൊടുക്കുകയും വിക്കറ്റ് കീപ്പർ ഷഹീനെ റണ്ണൗട്ടാക്കുകയും ചെയ്തു. ഒരുപക്ഷേ നോൺ സ്ട്രൈക്കർ എൻഡിലേക്കാണ് എറിഞ്ഞതെങ്കിൽ പാകിസ്ഥാൻ രണ്ട് റൺസ് എടുക്കുകയും മത്സരം സൂപ്പർ ഓവറിലേക്ക് കടക്കുകയും ചെയ്തേനെ.

ഷദാബ് ഖാൻ, ഹൈദർ അലി, ഷാൻ മസൂദ് എന്നിവരെ പുറത്താക്കികൊണ്ട് റാസയാണ് മത്സരത്തിൽ സിംബാബ്‌വെ തിരിച്ചെത്തിച്ചത്. മത്സരത്തിലെ പ്രകടനത്തോടെ പ്ലേയർ ഓഫ് ദി മാച്ച് അവാർഡും താരം സ്വന്തമാക്കി.