Skip to content

സിംബാബ്‌വെയുടെ ഹീറോ, തകർപ്പൻ നേട്ടത്തിൽ കിങ് കോഹ്ലിയെയും പിന്നിലാക്കി സിക്കന്ദർ റാസ

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിൽ സിംബാബ്‌വെയ്ക്ക് വേണ്ടി സിക്കന്ദർ റാസ കാഴ്ച്ചവെച്ചത്. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ കിങ് കോഹ്ലിയെ പിന്നിലാക്കിയിരിക്കുകയാണ് റാസ.

മത്സരത്തിൽ നാലോവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ റാസ വീഴ്ത്തിയിരുന്നു. ഷദാബ് ഖാൻ, ഹൈദർ അലി, ഷാൻ മസൂദ് എന്നിവരുടെ മൂന്ന് പ്രധാനപെട്ട വിക്കറ്റുകളാണ് മത്സരത്തിൽ റാസ വീഴ്ത്തിയത്. ഈ പ്രകടനത്തോടെ പ്ലേയർ ഓഫ് ദി മാച്ച് അവാർഡും റാസ സ്വന്തമാക്കി. ഈ വർഷം റാസ സ്വന്തമാക്കുന്ന ഏഴാം പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് ആണിത്.

ഇതോടെ അന്താരാഷ്ട്ര ടി20 യിൽ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന താരമെന്ന റെക്കോർഡ് സിക്കന്ദർ റാസ സ്വന്തമാക്കി. 2016 ൽ 6 തവണ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടിയ കിങ് കോഹ്ലിയെയാണ് റാസ പിന്നിലാക്കിയത്.

കൂടാതെ സിംബാബ്‌വെയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന താരമെന്ന റെക്കോർഡും റാസ സ്വന്തമാക്കി. ഇതുവരെ 17 അവാർഡ് നേടിയ റാസ 16 തവണ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടിയത് ഗ്രാൻഡ് ഫ്ളവറിനെയാണ് പിന്നിലാക്കിയത്.