Skip to content

മഴയല്ല, വില്ലനായത് ഐസിസിയുടെ സംഘാടകപിഴവ്, വിമർശനവുമായി ആരാധകർ

ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ലോകകപ്പായി മാറികൊണ്ടിരിക്കുകയാണ് ഓസ്ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ടി20 ലോകകപ്പ്. ചെറിയ ടീമുകളുടെ അപ്രതീക്ഷിത വിജയമാണ് ഈ ലോകകപ്പിനെ വേറിട്ടുനിർത്തുന്നത്. എന്നാൽ ഇതിനിടയിൽ ഓസ്ട്രേലിയയിലെ കാലാവസ്ഥ രസംകൊല്ലിയായി എത്തിയിരിക്കുകയാണ്. എന്നാൽ മഴയിലുപരി സംഘാടനത്തിൽ ഐസിസി വരുത്തിയ പിഴവാണ് ഇപ്പോൾ ലോകകപ്പിന് തിരിച്ചടിയായിരിക്കുന്നത്.

മൂന്ന് മത്സരങ്ങളാണ് ഇതുവരെ മഴമൂലം ഉപേക്ഷിക്കേണ്ടിവന്നത്. ചില മത്സരങ്ങളിൽ മഴ തടസ്സമായി എത്തിയതോടെ DLS നിയമപ്രകാരം വിജയികളെ നിശ്ചയിച്ചു. മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൂന്ന് മത്സരങ്ങളിലാണ് മഴ കളി തടസ്സപെടുത്തിയത്. കാലാവസ്ഥ പ്രചനാതീതമാണെങ്കിലും ഒരേ ദിവസം സ്റ്റേഡിയത്തിൽ ഒന്നിലധികം മത്സരങ്ങൾ നടത്തുവാനുള്ള ഐസിസിയുടെ തീരുമാനമാണ് കാര്യങ്ങൾ ഇത്രയും ദുർഘടമാക്കിയത്.

സ്റ്റേഡിയങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത രാജ്യമാണ് ഓസ്ട്രേലിയ. പതിനഞ്ചോളം ലോകത്തിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ ഓസ്ട്രേലിയക്കുണ്ട്. എന്നിട്ടും ചിലവ് ചുരുക്കൽ അടക്കം പരിഗണിച്ചുകൊണ്ടാണ് ഒരേ സ്റ്റേഡിയത്തിൽ രണ്ടിലധികം മത്സരങ്ങൾ വീതം ഐസിസി സംഘടിപ്പിച്ചത്.

റൂഫുള്ള മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ ഒന്നോ രണ്ടോ മത്സരമെങ്കിലും നടത്തുവാൻ ഐസിസി തയ്യാറായിരുന്നെങ്കിൽ എം സി ജിയിൽ നിന്നും വെറും 15 കിലോമീറ്റർ അകലെയുള്ള മുഴുവൻ മത്സരങ്ങളും റൂഫുള്ള മാർവൽ സ്റ്റേഡിയത്തിലേക്ക് മാറ്റുവാൻ സാധിക്കുമായിരുന്നു. നിലവിൽ ആ സ്റ്റേഡിയത്തിൽ മോട്ടോർ സൂപ്പർ ക്രോസ് നടന്നുകൊണ്ടിരിക്കുകയാണ്. വൈകാതെ അടുത്ത മാസം ആരംഭിക്കുന്ന ബിഗ് ബാഷ് ലീഗിന് മുൻപായി ആ സ്റ്റേഡിയം ക്രിക്കറ്റിന് വേണ്ടി സജ്ജമാകും.