Skip to content

ആ പന്ത് ടേൺ ചെയ്ത് പാഡിൽ തട്ടിയെങ്കിൽ എന്ത് ചെയ്യുമായിരുന്നു, തുറന്നുപറഞ്ഞ് രവിചന്ദ്രൻ അശ്വിൻ

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഒരു റണ്ണാണ് പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ അശ്വിൻ നേടിയത്. നവാസ് ഒരുക്കിയ കെണിയിൽ വീഴാതെ അശ്വിൻ ഒഴിഞ്ഞുമാറികൊണ്ട് വൈഡാക്കിയ ഏതൊരു ക്രിക്കറ്റ് ആരാധകനും മറക്കാനാകില്ല. ഒരുപക്ഷേ ആ പന്ത് ടേൺ ചെയ്ത് പാഡിൽ തട്ടിയിരുന്നുവെങ്കിൽ താൻ എന്ത് ചെയ്യുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ.

ബിസിസിഐ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് വൈഡ് പോയ പന്തിനെ കുറിച്ച് രസകരമായ പരാമർശം അശ്വിൻ നടത്തിയത്.

” നവാസ് എറിഞ്ഞ ആ പന്ത് ടേൺ ചെയ്ത് പാഡിൽ തട്ടിയിരുന്നുവെങ്കിൽ എന്ത് ചെയ്തേനെയെന്ന് ആരോ എന്നോട് ചോദിച്ചിരുന്നു. ഞാൻ വേഗം ഡ്രസിങ് റൂമിലേക്കെത്തുമെന്നും എൻ്റെ ട്വിറ്റർ എടുത്തുകൊണ്ട് എൻ്റെ കരിയറിൽ ഉണ്ടായ എല്ലാ മികച്ച നിമിഷങ്ങൾക്കും നന്ദി, ഇതൊരു മനോഹരമായ യാത്രയായിരുന്നു എന്ന് കുറിച്ചേനെയെന്നുമായിരുന്നു എൻ്റെ മറുപടി. ” അശ്വിൻ പറഞ്ഞു.

തൻ്റെ എക്സ്പീരിയൻസും ആത്മവിശ്വാസവും ഒന്നുകൊണ്ട് മാത്രമാണ് ആ നിർണ്ണായക നിമിഷത്തിൽ പതറാതെ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ അശ്വിന് സാധിച്ചു. ആധുനിക ക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച ക്രിക്കറ്റ് അറിവുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് രവിചന്ദ്രൻ അശ്വിൻ. അതുകൊണ്ട് തന്നെയാണ് ചഹാലിന് മുൻപേ ലോകകപ്പ് ടീമിൽ അശ്വിനെ പരിഗണിക്കാൻ ടീം തീരുമാനിച്ചതും.