Skip to content

സൗത്താഫ്രിക്കയ്ക്കെതിരെ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം, ഇനി വേണ്ടത് 28 റൺസ് മാത്രം

ഐസിസി ടി20 ലോകകപ്പിൽ നാളെ നടക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. മത്സരത്തിൽ 28 റൺസ് നേടിയാൽ ശ്രീലങ്കൻ ഇതിഹാസത്തെ പിന്നിലാക്കുവാൻ വിരാട് കോഹ്ലിയ്ക്ക് സാധിക്കും.

ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും തകർപ്പൻ പ്രകടനമാണ് കോഹ്ലി കാഴ്ച്ചവെച്ചത്. പാകിസ്ഥാനെതിരായ മത്സരത്തിൽ 53 പന്തിൽ പുറത്താകാതെ 82 റൺസ് നേടിയ കോഹ്ലി നെതർലൻഡ്സിനെതിരെ 44 പന്തിൽ പുറത്താകാതെ 62 റൺസ് നേടിയിരുന്നു. രണ്ട് മത്സരങ്ങളിലെ പ്രകടനത്തോടെ ക്രിസ് ഗെയ്ലിനെ പിന്നിലാക്കികൊണ്ട് ഐസിസി ടി20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് കോഹ്ലി സ്വന്തമാക്കിയിരുന്നു.

നിലവിൽ 21 ഇന്നിങ്സിൽ നിന്നും 89.90 ശരാശരിയിൽ 989 റൺസ് കോഹ്ലി ലോകകപ്പിൽ നേടിയിട്ടുണ്ട്. ഇനി 28 റൺസ് കൂടെ നേടുവാൻ സാധിച്ചാൽ 31 ഇന്നിങ്സിൽ 1016 റൺസ് നേടിയിട്ടുള്ള ശ്രീലങ്കൻ ഇതിഹാസം മഹേള ജയവർധനെയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തുവാൻ കോഹ്ലിയ്ക്ക് സാധിക്കും.

ഈ ലോകകപ്പിൽ രണ്ട് ഇന്നിങ്സിൽ നിന്നും ഇതിനോടകം 144 റൺസ് കോഹ്ലി നേടിയിട്ടുണ്ട്. സൂപ്പർ 12 ഘട്ടത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ കൂടിയാണ് കോഹ്ലി.