Skip to content

താരങ്ങളെ വലവീശിപിടിക്കാൻ ഐ പി എൽ ടീമുകൾ, ഓസ്ട്രേലിയൻ താരങ്ങൾക്ക് ഓഫർ ചെയ്തത് 41 കോടി

അന്താരാഷ്ട്ര ക്രിക്കറ്റിന് കൂടുതൽ ഭീഷണി ഉയർത്തികൊണ്ട് ഐ പി എൽ ടീമുകളുടെ പുതിയ നീക്കം. നിരവധി താരങ്ങൾ തങ്ങളുടെ രാജ്യത്തിലെ ക്രിക്കറ്റ് ബോർഡുകളുടെ കരാർ വേണ്ടെന്ന് വെയ്ക്കവെ താരങ്ങൾക്കായി വാർഷിക കരാർ മുൻപോട്ട് വെച്ചിരിക്കുകയാണ് ചില ഐ പി എൽ ടീമുകൾ.

ഓസ്ട്രേലിയൻ താരങ്ങളായ പാറ്റ് കമ്മിൻസ്, ഡേവിഡ് വാർണർ, ഗ്ലെൻ മാക്സ്‌വെൽ അടക്കമുളള താരങ്ങൾക്കാണ് 5 മില്യൺ യു എസ് ഡോളറിൻ്റെ (41 കോടി ഇന്ത്യൻ രൂപ) വാർഷിക കരാർ ഐ പി എൽ ടീമുകൾ ഓഫർ ചെയ്തിരിക്കുന്നത്. പ്രമുഖ ഓസ്ട്രേലിയൻ മാധ്യമമാണ് ഇക്കാര്യം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ഐ പി എൽ, സൗത്താഫ്രിക്കയിലും യു എ ഇയിലും ആരംഭിക്കാനിരിക്കുന്ന പുതിയ ടി20 ലീഗുകളിൽ ഈ താരങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കുവാൻ വേണ്ടിയാണ് വാർഷിക കരാർ ടീമുകൾ മുൻപോട്ട് വെച്ചിരിക്കുന്നത്. എന്നാൽ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അനുവാദം ലഭിച്ചാൽ മാത്രമേ ഈ കരാറിൽ ഏർപ്പെടാൻ താരങ്ങൾക്ക് സാധിക്കൂ. ഇക്കാര്യം മുന്നിൽ കണ്ടുകൊണ്ടാണ് ന്യൂസിലൻഡ് താരം ജിമ്മി നീഷം അടക്കമുളള താരങ്ങൾ ക്രിക്കറ്റ് ബോർഡിൻ്റെ കരാർ വേണ്ടെന്ന് വെച്ചിരിക്കുന്നത്.

രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ കൂടുതൽ താരങ്ങൾ ഇത്തരത്തിൽ വാർഷിക കരാറിൽ ഏർപ്പെടുമെന്നാണ് വിദ്ധഗ്ദർ ചൂണ്ടികാട്ടുന്നത്.

യു എ ഇ ലീഗിലും സൗത്താഫ്രിക്കൻ ലീഗിലും ടീമുകളുടെ ഉടമകൾ ഐ പി എൽ ടീമുകൾ തന്നെയാണ്. യു എ ഇ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളും അദാനി ഗ്രൂപ്പും ടീമുകളെ സ്വന്തമാക്കിയിട്ടുണ്ട്.