Skip to content

പ്രചോദനം നൽകിയത് അദേഹത്തിൻ്റെ വാക്കുകൾ, തകർപ്പൻ പ്രകടനത്തിന് പുറകെ പോണ്ടിങിനോട് നന്ദി പറഞ്ഞ് സിക്കന്ദർ റാസ

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ മത്സരത്തിൽ സിംബാബ്‌വെയ്ക്ക് വേണ്ടി സിക്കന്ദർ റാസ കാഴ്ച്ചവെച്ചത്. ബാറ്റിങിൽ തിളങ്ങാൻ സാധിച്ചില്ലയെങ്കിലും തകർപ്പൻ ബൗളിങ് പ്രകടനം താരം കാഴ്ച്ചവെയ്ക്കുകയും തൻ്റെ ടീമിന് ആവേശവിജയം സമ്മാനിക്കുകയും ചെയ്തു. തൻ്റെ ഈ പ്രകടനത്തിൽ മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങിനോട് നന്ദി പറഞ്ഞിരിക്കുകയാണ് റാസ.

മത്സരത്തിൽ നാലോവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ റാസ വീഴ്‌ത്തിയിരുന്നു. പതിനാലാം ഓവറിൽ തുടർച്ചയായ രണ്ട് പന്തുകളിൽ ഷദാബ് ഖാനെയും ഹൈദർ അലിയെയും പുറത്താക്കിയാണ് റാസ സിംബാബ്‌വെയെ മത്സരത്തിൽ തിരിച്ചെത്തിച്ചത്. ഇതിന് പിന്നാലെ തൻ്റെ തൊട്ടടുത്ത പന്തിൽ പാക് നിരയിലെ ടോപ്പ് സ്കോറർ ഷാൻ മസൂദിനെയും റാസ പുറത്താക്കി.

മത്സരം നടക്കുന്നതിന് മുൻപേ ഇന്ന് രാവിലെ സിക്കന്ദർ റാസയെ കുറിച്ചുള്ള വീഡിയോ ഐസിസി പുറത്തുവിട്ടിരുന്നു. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് വീഡിയോയിൽ സിക്കന്ദർ റാസയെ കുറിച്ചുള്ള തൻ്റെ അഭിപ്രായം പങ്കുവെച്ചിരുന്നു. ഈ വിഡിയോ മത്സരത്തിന് മുൻപേ താൻ കണ്ടിരുന്നുവെന്നും അതെനിക്ക് ഏറെ പ്രചോദനം നൽകിയെന്നും പാകിസ്ഥാനെതിരായ മത്സരശേഷം റാസ പറഞ്ഞു.

വീഡിയോ ;

” ഇന്ന് ഞാൻ ആവേശത്തിലായിരുന്നു. രാവിലെ തന്നെ റിക്കി പോണ്ടിങ് എന്നെ കുറിച്ച് പറയുന്ന വീഡിയോ ഞാൻ കണ്ടിരുന്നു. അതെനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രചോദനം നൽകി. അതിന് റിക്കി പോണ്ടിങിനോട് നന്ദി പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. ” മത്സരശേഷം റാസ പറഞ്ഞു.