Skip to content

ഇങ്ങനെയൊക്കെ തോൽക്കാൻ പാകിസ്ഥാനെ കൊണ്ടേ സാധിക്കൂ, അവസാന ഓവറിൽ സിംബാബ്‌വെ വിജയം കുറിച്ചതിങ്ങനെ

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ആവേശവിജയം കുറിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് സിംബാബ്‌വെ. തകർപ്പൻ പോരാട്ടവീര്യം കാഴ്ച്ചവെച്ചുകൊണ്ടാണ് മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സിംബാബ്‌വെ സ്വന്തമാക്കിയത്.

മത്സരത്തിൽ 131 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്താൻ മാത്രമാണ് സിംബാബ്‌വെയ്ക്ക് സാധിച്ചത്. അനായാസ വിജയം പ്രതീക്ഷിച്ചെത്തിയ പാക് ബാറ്റർമാരെ സിംബാബ്‌വെയുടെ ചുണകുട്ടികൾ എറിഞ്ഞിടുകയായിരുന്നു. ക്യാപ്റ്റൻ ബാബർ അസം 4 റൺസ് മാത്രം നേടി പുറത്തായപ്പോൾ മൊഹമ്മദ് റിസ്വാന് 14 റൺസ് നേടാനെ സാധിച്ചുള്ളൂ.

അവസാന ഓവറിൽ നാല് വിക്കറ്റ് കയ്യിലിരിക്കെ 11 റൺസ് മാത്രമായിരുന്നു പാകിസ്ഥാന് വേണ്ടിയിരുന്നത്. ആദ്യ പന്ത് നേരിട്ട നവാസ് ആദ്യ പന്ത് ബൗണ്ടറിയിലേക്ക് പായിച്ചുകൊണ്ട് 3 റൺസ് ഓടിയെടുത്തു. തൊട്ടടുത്ത പന്തിൽ മൊഹമ്മദ് വാസിം ഫോർ നേടിയതോടെ പാകിസ്ഥാൻ ആരാധകർ ആവേശത്തിലായി. തൊട്ടടുത്ത പന്തിൽ സിംഗിൾ നേടികൊണ്ട് വാസിം നവാസിന് സ്ട്രൈക്ക് കൈമാറി. പിന്നീട് മൂന്ന് പന്തിൽ മൂന്ന് റൺസ് മാത്രമായിരുന്നു പാകിസ്ഥാന് വേണ്ടിയിരുന്നത്.

എന്നാൽ മികച്ച പോരാട്ടവീര്യത്തോടെ പന്തെറിഞ്ഞ ബ്രാഡ് ഇവാൻസ് തൊട്ടടുത്ത പന്തിൽ റൺസ് നേടാൻ നവാസിനെ അനുവദിച്ചില്ല. അടുത്ത പന്തിൽ ബൗണ്ടറി നേടാനുള്ള നവാസിൻ്റെ ശ്രമം പാളുകയും ക്യാച്ച് ഔട്ടായി താരം പുറത്താവുകയും ചെയ്തു. അവസാന പന്ത് നേരിട്ട ഷഹീൻ അഫ്രീദി ലോങ് ഓണിലേക്ക് പായിച്ചുവെങ്കിലും ഡബിൾ ഓടാനുള്ള ശ്രമത്തിനിടെ റണ്ണൗട്ടായി പുറത്താവുകയായിരുന്നു.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിക്കന്ദർ റാസയാണ് പ്ലേയർ ഓഫ് ദി മാച്ച്. ബ്രാഡ് ഇവാൻസ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മൂസാരബനിയും എൻഗാറവയും അവസാന ഓവറുകൾ മികച്ചതാക്കി. മത്സരത്തിലെ തോൽവിയോടെ പാകിസ്ഥാൻ്റെ സെമിഫൈനൽ പ്രതീക്ഷകൾ തുലാസിലായി. ഇന്ത്യയ്ക്കെതിരായ ആദ്യ മത്സരത്തിലും അവസാന പന്തിലായിരുന്നു പാകിസ്ഥാൻ പരാജയപെട്ടത്.