Skip to content

വാർണർ വിക്കറ്റ് കീപ്പറാകേണ്ടിവരുമോ, ഓസ്ട്രേലിയക്ക് മുട്ടൻപണി, മാത്യൂ വേഡിന് കോവിഡ്

ഐസിസി ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരത്തിന് മുൻപേ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. സ്പിന്നർ ആദം സാംപയ്ക്ക് പുറകെ മറ്റൊരു താരത്തിനും കോവിഡ് സ്ഥിരീകരിച്ചു.

വിക്കറ്റ് കീപ്പർ മാത്യു വേഡിനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പർ ഇല്ലാത്തതിനാൽ ഇക്കാര്യം ഓസ്ട്രേലിയൻ ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കോവിഡ് പോസിറ്റീവായ താരങ്ങളെ കളിപ്പിക്കാൻ ഐസിസി അനുവാദം നൽകിയിട്ടുണ്ടെങ്കിലും താരങ്ങളുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം മെഡിക്കൽ ടീം അനുവദിച്ചാൽ മാത്രമേ കളിപ്പിക്കുവാൻ സാധിക്കൂ. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ കോവിഡ് ബാധിതനായ സാംപയെ ഓസ്ട്രേലിയ കളിപ്പിച്ചിരുന്നില്ല.

മാത്യൂ വേഡിൻ്റെ ആരോഗ്യസ്ഥിതി തൃപ്തികരമല്ലെങ്കിൽ ഡേവിഡ് വാർണറോ അല്ലെങ്കിൽ ക്യാപ്റ്റൻ ആരോൺ ഫിഞ്ചോ ഓസ്ട്രേലിയക്ക് വേണ്ടി വിക്കറ്റ് കീപ്പറാകേണ്ടിവരും. ബാക്കപ്പ് വിക്കറ്റ് കീപ്പറായി ജോഷ് ഇംഗ്ലീസ് ടീമിൽ ഉണ്ടായിരുന്നുവെങ്കിലും താരം പരിക്ക് പറ്റി പുറത്താവുകയായിരുന്നു. മറ്റൊരു വിക്കറ്റ് കീപ്പറെ ടീമിൽ ഉൾപ്പെടുത്തുന്നതിന് പകരം ഓൾ റൗണ്ടർ കാമറോൺ ഗ്രീനിനെയാണ് ഓസ്ട്രേലിയ ടീമിൽ എത്തിച്ചത്.

ഒന്നാം ഗ്രൂപ്പിലെ പോയിൻ്റ് ടേബിളിൽ ഒരേയൊരു വിജയത്തോടെ നിലവിൽ അയർലൻഡിന് പുറകിൽ അഞ്ചാം സ്ഥാനത്താണ് ഓസ്ട്രേലയയുള്ളത്.