Skip to content

അടിച്ചുതകർത്ത് റൂസ്സോ, എറിഞ്ഞിട്ട് ബൗളർമാർ, ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം കുറിച്ച് സൗത്താഫ്രിക്ക

ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെ തകർത്ത് തങ്ങളുടെ ആദ്യ വിജയം കുറിച്ച് സൗത്താഫ്രിക്ക. റൺസിൻ്റെ 104 വമ്പൻ വിജയമാണ് മത്സരത്തിൽ സൗത്താഫ്രിക്ക കുറിച്ചത്.

മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 206 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 16.3 ഓവറിൽ 101 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

3.3 ഓവറിൽ 10 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ആൻറിച്ച് നോർകിയയാണ് ബംഗ്ലാദേശിനെ തകർത്തത്. ഷംസി നാലോവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ റബാഡയും കേശവ് മഹാരാജും ഓരോ വിക്കറ്റ് വീതം നേടി. 31 പന്തിൽ 34 റൺസ് നേടിയ ലിറ്റൻ ദാസ് മാത്രമാണ് ബംഗ്ലാദേശ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക സെഞ്ചുറി നേടിയ റിലീ റൂസോയുടെ മികവിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്. 56 പന്തിൽ 7 ഫോറും 8 സിക്സും ഉൾപ്പടെ 109 റൺസ് റൂസ്സോ അടിച്ചുകൂട്ടി. ഡീകോക്ക് 38 പന്തിൽ 7 ഫോറും 3 സിക്സും ഉൾപ്പടെ 63 റൺസ് നേടി മികവ് പുലർത്തി.

രണ്ട് വിക്കറ്റ് നേടിയ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ മാത്രമാണ് ബംഗ്ലാദേശ് ബൗളർമാരിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.