Skip to content

മറ്റുള്ളവർക്കെതിരെ പുലികൾ അയൽക്കാർക്കെതിരെ എലികൾ, യൂറോപ്യൻ ടീമുകൾക്കെതിരായ മോശം പ്രകടനം തുടർന്ന് ഇംഗ്ലണ്ട്

ഓസ്ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ അട്ടിമറി വിജയം കുറിച്ചിരിക്കുകയാണ് അയർലൻഡ്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ DLS നിയമപ്രകാരം 5 റൺസിനായിരുന്നു അയർലൻഡ്

വിജയിച്ചത്.

കുട്ടി ക്രിക്കറ്റിലെ മികച്ച ടീമുകളിൽ ഒന്നായ ഇംഗ്ലണ്ടിന് മികച്ച റെക്കോർഡാണ് ഇന്ത്യയും ഓസ്ട്രേലിയയും ന്യൂസിലൻഡും പാകിസ്ഥാനും അടക്കമുള്ള വമ്പൻ ടീമുകൾക്കെതിരെ ഉള്ളത്. എന്നാൽ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തങ്ങളുടെ അയൽക്കാരായ നെതർലൻഡ്സിനെതിരെയോ അയർലൻഡിനെതിരെയോ വിജയിക്കാൻ ഇംഗ്ലണ്ടിന് ഇതുവരെ സാധിച്ചിട്ടില്ല.

രണ്ട് തവണയാണ് നെതർലൻഡ്സിനോട് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഇംഗ്ലണ്ട് ഏറ്റുമുട്ടിയിട്ടുള്ളത്. 2009 ൽ നടന്ന ഐസിസി ടി20 ലോകകപ്പിൽ ഇരുടീമുകളും തമ്മിൽ ലോർഡ്സിൽ ഏറ്റുമുട്ടിയപ്പോൾ ഡച്ച് നിര 4 വിക്കറ്റിൻ്റെ ആവേശവിജയം കുറിച്ചിരുന്നു.

പിന്നീട് 2014 ൽ ബംഗ്ലാദേശിൽ നടന്ന ലോകകപ്പിൽ 45 റൺസിൻ്റെ ആധികാരിക വിജയം നെതർലൻഡ്സ് ഇംഗ്ലണ്ടിനെതിരെ നേടി. 134 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 88 റൺസ് മാത്രമാണ് അന്ന് നേടാൻ സാധിച്ചത്.

മറുഭാഗത്ത് അയർലൻഡും ഇംഗ്ലണ്ടും തമ്മിൽ ഇതിനുമുൻപ് ഏറ്റുമുട്ടിയ മത്സരത്തിൽ മഴ ഇംഗ്ലണ്ടിൻ്റെ രക്ഷകനായി എത്തിയിരുന്നു. 2010 ൽ നടന്ന ലോകകപ്പ് പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ അയർലൻഡ് 120 റൺസിൽ ചുരുക്കികെട്ടിയിരുന്നു. പക്ഷേ മറുപടി ബാറ്റിങിൽ അയർലൻഡ് 14 റൺസ് നേടി നിൽക്കവേ വില്ലനായി മഴ എത്തുകയായിരുന്നു.