Skip to content

ശ്രീലങ്കയ്ക്കെതിരെ ആരോൺ ഫിഞ്ചിൻ്റെ ടെസ്റ്റ് കളി, സ്വന്തമാക്കിയത് മോശം റെക്കോർഡ്

ഐസിസി ടി20 ലോകകപ്പിലെ ശ്രീലങ്കയ്ക്കെതിരായ നിർണായക മത്സരത്തിൽ തകർപ്പൻ വിജയമാണ് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ കുറിച്ചത്. മാർക്കസ് സ്റ്റോയിനിസിൻ്റെ വെടിക്കെട്ട് ബാറ്റിങാണ് മത്സരത്തിൽ ഓസ്ട്രേലിയക്ക് വിജയം സമ്മാനിച്ചത്. ഇതിനിടെ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിൻ്റെ പ്രകടനം താരത്തിന് മോശം റെക്കോർഡ് സമ്മാനിച്ചിരിക്കുകയാണ്.

മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ശ്രീലങ്ക ഉയർത്തിയ 158 റൺസിൻ്റെ വിജയലക്ഷ്യം 21 പന്തുകൾ ബാക്കിനിൽക്കെയാണ് ഓസീസ് മറികടന്നത്. 17 പന്തിൽ ഫിഫ്റ്റി നേടി 18 പന്തിൽ പുറത്താകാതെ 59 റൺസ് സ്റ്റോയിനിസ് അടിച്ചുകൂട്ടിയപ്പോൾ 42 പന്തിൽ പുറത്താകാതെ 31 റൺസ് നേടുവാൻ മാത്രമാണ് ഫിഞ്ചിന് സാധിച്ചത്.

മാർക്കസ് സ്റ്റോയിനിസ് 327.78 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്തപ്പോൾ ആരോൺ ഫിഞ്ചിൻ്റെ സ്ട്രൈക്ക് റേറ്റ് 73.81 മാത്രമായിരുന്നു. ഐസിസി ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ 40+ പന്തുകൾ നേരിട്ടവരിൽ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റാണിത്. പ്രഥമ ഐസിസി ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ 80.00 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത ബംഗ്ലാദേശ് താരം തമീം ഇഖ്ബാലിൻ്റെ പേരിലായിരുന്നു ഈ റെക്കോർഡ് ഉണ്ടായിരുന്നത്.

സ്ട്രൈക്ക് റേറ്റില്ല എന്നതിൻ്റെ പേരിൽ ടീമിലെ സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് പുറത്തിരിക്കുമ്പോഴാണ് ക്യാപ്റ്റൻ്റെ ഈ പ്രകടനമെന്നത് രസകരമായ കാര്യമാണ്.