Skip to content

യുവിയ്ക്ക് ശേഷം ഇനി സ്റ്റോയിനിസ്, തകർപ്പൻ റെക്കോർഡ് കുറിച്ച് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ

ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ച് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ്. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ താരത്തിൻ്റെ ബാറ്റിങ് മികവിലാണ് ത്രസിപ്പിക്കുന്ന വിജയം നിലവിലെ ചാമ്പ്യന്മാർ കൂടിയായ ഓസ്ട്രേലിയ സ്വന്തമാക്കിയത്.

സ്കോർ 89 ൽ നിൽക്കെ മാക്സ്വെൽ പുറത്തായ ശേഷം ക്രീസിലെത്തിയ സ്റ്റോയിനിസ് 18 പന്തിൽ പുറത്താകാതെ 59 റൺസ് നേടിയാണ് 16.3 ഓവറിൽ ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചത്. വെറും 17 പന്തിൽ നിന്നുമാണ് സ്റ്റോയിനിസ് ഫിഫ്റ്റി പൂർത്തിയാക്കിയത്. ഇതോടെ ഐസിസി ടി20 ലോകകപ്പിൽ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന റെക്കോർഡ് താരം സ്വന്തമാക്കി.

2014 ലോകകപ്പിൽ അയർലൻഡിനെതിരെ 17 പന്തിൽ ഫിഫ്റ്റി നേടിയ നെതർലൻഡ്സ് താരം സ്റ്റീഫൻ മൈബർഗിനൊപ്പമാണ് സ്റ്റോയിനിസ് സ്ഥാനം പിടിച്ചിരിക്കുന്നത്. പ്രഥമ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഡർബനിൽ 12 പന്തിൽ ഫിഫ്റ്റി നേടിയ മുൻ ഇന്ത്യൻ താരം യുവരാജ് സിങാണ് ഈ നേട്ടത്തിൽ തലപ്പത്തുള്ളത്.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി നേടുന്ന ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ കൂടിയാണ് സ്റ്റോയിനിസ്. 2010 ൽ വിൻഡീസിനെതിരെ 18 പന്തിൽ ഫിഫ്റ്റി നേടിയ ഡേവിഡ് വാർണർ, 2014 ൽ പാകിസ്ഥാനെതിരെയും 2016 ൽ ശ്രീലങ്കയ്ക്കെതിരെയും 18 പന്തിൽ ഫിഫ്റ്റി നേടിയ ഗ്ലെൻ മാക്സ്‌വെൽ എന്നിവരെയാണ് സ്റ്റോയിനിസ് പിന്നിലാക്കിയത്.