Skip to content

ഐറിഷ് വീര്യം, ഇംഗ്ലണ്ടിനെ ചതിച്ച് മഴ, മഴനിയമത്തിൽ വിജയം കുറിച്ച് അയർലൻഡ്

ഐസിസി ടി20 ലോകകപ്പിൽ ശക്തരായ ഇംഗ്ലണ്ടിനെ തകർത്ത് അയർലൻഡ്. മഴ തടസ്സപെടുത്തിയ മത്സരത്തിൽ DLS നിയമപ്രകാരം 5 റൺസിനായിരുന്നു അയർലൻഡിൻ്റെ വിജയം.

മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 158 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 14.3 ഓവറിൽ 105 റൺസ് നേടിനിൽക്കവേയാണ് വില്ലനായി മഴ എത്തിയത്. 12 പന്തിൽ 24 റൺസ് നേടിയ മോയിൻ അലിയും 1 റൺസ് നേടിയ ലിയാം ലിവിങ്സ്റ്റണുമായിരുന്നു ക്രീസിൽ ഉണ്ടായിരുന്നത്. എന്നാൽ DLS നിയമപ്രകാരം 5 റൺസ് പുറകിലായിരുന്നു ഇംഗ്ലണ്ട്.

മൂന്നോവറിൽ 16 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ജോഷുവാ ലിറ്റിലാണ് ഇംഗ്ലണ്ട് മുൻനിരയെ തകർത്തത്. ജോസ് ബട്ട്ലർ പൂജ്യത്തിന് പുറത്തായപ്പോൾ ഹെയ്ൽസ് 7 റൺസും ഡേവിഡ് മലാൻ 37 പന്തിൽ 35 റൺസും ബെൻ സ്റ്റോക്സ് 8 പന്തിൽ 6 റൺസും ഹാരി ബ്രൂക് 18 റൺസും നേടി പുറത്തായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയർലൻഡിന് 19.2 ഓവറിൽ 157 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 47 പന്തിൽ 62 റൺസ് നേടിയ ക്യാപ്റ്റൻ ബാൽബിർനിയും ടക്കർ 27 പന്തിൽ 34 റൺസും കർട്ടിസ് കാംഫർ 11 പന്തിൽ 18 റൺസും നേടി മികവ് പുലർത്തി. വിജയത്തോടെ ഒന്നാം ഗ്രൂപ്പിൽ ഓസ്ട്രേലിയയെ പിന്നിലാക്കുവാൻ അയർലൻഡിന് സാധിച്ചു. മറ്റന്നാൾ ഓസ്ട്രേലിയക്കെതിരെയാണ് ഇംഗ്ലണ്ടിൻ്റെ അടുത്ത മത്സരം. അതേ ദിവസം അഫ്ഗാനുമായി അയർലൻഡ് ഏറ്റുമുട്ടും.