Skip to content

പ്രായം വെറും നമ്പർ മാത്രം, ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ ഫീൽഡിങ് പ്രകടനം കാഴ്ച്ചവെച്ച് ഡേവിഡ് വാർണർ, വീഡിയോ

പ്രായം 35 കഴിഞ്ഞുവെങ്കിലും നിലവിലെ ഓസ്ട്രേലിയൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ് ഡേവിഡ് വാർണർ. ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ അക്കാര്യം വാർണർ വീണ്ടും തെളിയിക്കുകയും ചെയ്തു.

മത്സരത്തിൽ അവിശ്വസനീയ മികവിലൂടെ ബൗണ്ടറി തടുത്തിട്ട താരം അതിന് പിന്നാലെ മികച്ച ക്യാച്ചും സ്വന്തമാക്കി. സ്റ്റോയിനിസ് എറിഞ്ഞ പതിനൊന്നാം ഓവറിലെ നാലാം പന്തിലാണ് അവിശ്വസനീയ ബൗണ്ടറി സേവ് താരം നടത്തിയത്. ധനഞ്ജയ ഡി സിൽവ ബാറ്റിൽ തട്ടി ബൗണ്ടറിയിലേക്ക് ഉയർന്നുപൊങ്ങിയ പന്ത് ഡീപ് മിഡ് ഓഫിൽ നിന്നും പുറകിലോട്ട് ഓടിയ വാർണർ കയ്യിലൊതുക്കുകയും ബാലൻസ് നഷ്ടപ്പെട്ട് ബൗണ്ടറി ലൈനിലേക്ക് പോകുന്നതിന് മുൻപേ ഗ്രൗണ്ടിലേക്ക് എറിയുകയും ചെയ്തു.

ഇതിന് പിന്നാലെ തൊട്ടടുത്ത ഓവറിൽ മികച്ച ക്യാച്ചിലൂടെ ധനഞ്ജയ ഡി സിൽവയെ വാർണർ പുറത്താക്കി. പ്രയാസകരമായിരുന്ന ക്യാച്ച് വാർണർ കൈപിടിയിൽ ഒതുക്കുകയായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടി. 25 പന്തിൽ 38 റൺസ് നേടിയ അസലങ്കയാണ് ശ്രീലങ്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. കരുണരത്നെ 7 പന്തിൽ 14 റൺസ് നേടി.