Skip to content

അന്ന് കോഹ്ലിയും അശ്വിനും പറഞ്ഞത് ശരിയായിരുന്നോ, സൗത്താഫ്രിക്കൻ ബ്രോഡ്കാസ്റ്റർക്കെതിരെ ആരോപണവുമായി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ

സൗത്താഫ്രിക്കൻ ടീമിനെതിരെയും സൗത്താഫ്രിക്കൻ ബ്രോഡ്കാസ്റ്റർ സൂപ്പർ സ്പോർടിനെതിരെയും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. തങ്ങൾക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സൗത്താഫ്രിക്കൻ ടീമും ബോൾ ടാമ്പറിങ് നടത്തിയിരുന്നെന്ന് ആരോപിച്ച സൗത്താഫ്രിക്കൻ ടീമിനെ ബ്രോഡ്കാസ്റ്ററും സഹായിച്ചെന്ന് തുറന്നടിച്ചു.

സ്മിത്തും ഡേവിഡ് വാർണറും ബോൾ ടാമ്പറിങ് നടത്തി പിടിക്കപ്പെട്ട കേപ് ടൗൺ ടെസ്റ്റിന് ശേഷം നടന്ന മത്സരത്തിലാണ് സൗത്താഫ്രിക്കയും ടാമ്പറിങ് നടത്തിയതെന്നാണ് പെയ്ൻ ആരോപിച്ചിരിക്കുന്നത്. ഒരു സൗത്താഫ്രിക്കൻ ഫീൽഡർ പന്തിൽ ടാമ്പറിങ് നടത്താൻ ശ്രമിക്കുന്നത് ബിഗ് സ്ക്രീനിൽ തങ്ങൾ കണ്ടെന്നും പക്ഷേ ഉടനെ തന്നെ ആ ദൃശ്യങ്ങൾ മാറ്റിയെന്നും അമ്പയർമാരോട് ഇതിനെ കുറിച്ച് സംസാരിച്ചുവെങ്കിലും കാര്യമുണ്ടായില്ലെന്നും ആ ദൃശ്യങ്ങൾ ബ്രോഡ്കാസ്റ്റർ ഉടനെ നീക്കം ചെയ്തുവെന്നും ടിം പെയ്ൻ തൻ്റെ പുതിയ പുസ്തകത്തിൽ വെളിപ്പെടുത്തി.

അതിന് ശേഷം ഈ വർഷം ഇന്ത്യയുടെ സൗത്താഫ്രിക്കൻ പര്യടനത്തിൽ ഇതേ ബ്രോഡ്കാസ്റ്റർ സംശയത്തിൻ്റെ നിഴലിലുണ്ടായിരുന്നു. ബ്രോഡ്കാസ്റ്റർ സൗത്താഫ്രിക്കയ്ക്ക് അനുകൂലമായി തീരുമാനങ്ങൾ മാറ്റിയെന്നായിരുന്നു ഇന്ത്യൻ താരങ്ങളുടെ ആരോപണം. കളിക്കളത്തിൽ വെച്ചുതന്നെയായിരുന്നു ബ്രോഡ്കാസ്റ്റർക്കെതിരെ കോഹ്ലിയും അശ്വിനും കെ എൽ രാഹുലും ആഞ്ഞടിച്ചത്.

വിജയിക്കാൻ വേറെ വഴികൾ നോക്കെന്ന് അശ്വിൻ പറഞ്ഞപ്പോൾ ഈ രാജ്യം മുഴുവൻ നമുക്കെതിരാണെന്ന് കെ എൽ രാഹുലും എല്ലാ സമയത്തും എതിർടീമിനെ പകർത്താൻ നിൽക്കാതെ നിങ്ങളുടെ ടീമിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കോഹ്ലിയും സ്റ്റമ്പ് മൈക്കിനരികിലെത്തി പറഞ്ഞിരുന്നു.