Skip to content

സൗത്താഫ്രിക്കയ്ക്കെതിരെ 5 റൺ പെനാൽറ്റി വിധിച്ച് അമ്പയർമാർ, കാര്യമെന്തെന്നറിയാതെ അന്തംവിട്ട് താരങ്ങൾ, വീഡിയോ

ഐസിസി ലോകകപ്പിൽ താരങ്ങളെയും കളിക്കാരെയും ഒരുപോലെ ആശയകുഴപ്പത്തിലാക്കി സൗത്താഫ്രിക്കയ്ക്കെതിരെ അഞ്ച് റൺസ് പെനാൽറ്റി വിധിച്ച് അമ്പയർ. കളിക്കളത്തിൽ അമ്പയറുടെ ശ്രദ്ധയും ഏകാഗ്രതയും എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ പിഴശിക്ഷ.

മഴമൂലം 9 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ സിംബാബ്‌വെ ഇന്നിങ്സിലെ അവസാന ഓവറിലായിരുന്നു ഈ സംഭവം അരങ്ങേറിയത്. നോർകിയ എറിഞ്ഞ ഓവറിലെ മൂന്നാം പന്ത് സിംബാബ്‌വെ താരത്തിൻ്റെ ബാറ്റിൽ എഡ്ജ് ചെയ്ത് തേർഡ് മാനിലേക്ക് പായുകയും പന്ത് കയ്യിലെടുത്ത എൻകിഡി വിക്കറ്റ് കീപ്പർ ഡീകോക്കിൻ്റെ കൈകളിലേക്ക് ത്രോ ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അമ്പയർ 5 റൺസ് പെനാൽറ്റി സൗത്താഫ്രിക്കയ്ക്ക് എതിരായി വിളിച്ചത്. എന്താണ് സംഭവിച്ചതെന്നറിയാതെ കളിക്കാർ അന്തംവിട്ടപ്പോൾ റീപ്ലേയിൽ കാര്യങ്ങൾ വ്യക്തമായി.

എൻകീഡി ത്രോ ചെയ്യുന്നതിനിടെ പന്ത് കൈക്കലാക്കി നോൺ സ്ട്രൈക്കർ എൻഡിൽ എറിയാമെന്ന പ്രതീക്ഷയിൽ ഒരു ഗ്ലൗ ഡീകോക്ക് ഊരി ഗ്രൗണ്ടിലിട്ടിരുന്നു. എന്നാൽ നിർഭാഗ്യവശാൽ എൻ കീഡിയുടെ ത്രോ ഡീകോക്കിൻ്റെ പാഡിൽ തട്ടി നിലത്തുകിടന്നിരുന്ന ഗ്ലൗവിൽ തട്ടിയതാണ് അമ്പയർ പെനാൽറ്റി റൺസ് വിധിക്കാൻ കാരണമായത്.

മത്സരത്തിൽ അർഹിച്ച വിജയം മഴമൂലം സൗത്താഫ്രിക്കയ്ക്ക് നഷ്ടപെട്ടു. 9 ഓവറിൽ 80 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് വേണ്ടി ആദ്യ ഓവറിൽ 23 റൺസ് ഡീകോക്ക് നേടിയെങ്കിലും വില്ലനായി മഴയെത്തി. പിന്നീട് 7 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 64 റൺസിൻ്റെ വിജയലക്ഷ്യവുമായി സൗത്താഫ്രിക്ക ഇറങ്ങുകയും 3 ഓവറിൽ 51 റൺസ് നേടി നിൽക്കവേ വീണ്ടും വില്ലനായി മഴ എത്തുകയും റിസൾറ്റ് ഇല്ലാതെ കളി ഉപേക്ഷിക്കുകയും ചെയ്തു.