Skip to content

കോഹ്ലിയുടെ ഹീറോയിസം, കോളടിച്ചത് ഡിസ്നി സ്റ്റാറിന്, കാഴ്ച്ചക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ ആവേശപോരാട്ടത്തിൽ കോളടിച്ചത് ഡിസ്നി സ്റ്റാറിന്. കോഹ്ലിയുടെ മികവിൽ ഇന്ത്യ ആവേശവിജയം കുറിച്ച മത്സരം കാഴ്ച്ചക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ്.

1.8 കോടി ആളുകളാണ് ഹോട്ട്സ്റ്റാറിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിലെ അവസാന ഓവർ കണ്ടത്. ഡിജിറ്റലിലെ ഏറ്റവും ഉയർന്ന വ്യൂവർഷിപ്പാണിത്. ഇതിന് മുൻപ് ഇരു ടീമുകളും തമ്മിലുള്ള ഏഷ്യ കപ്പ് പോരാട്ടം ഹോട്ട്സ്റ്റാറിൽ 1.4 കോടി ആളുകൾ വീക്ഷിച്ചിരുന്നു.

മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ 70 മുതൽ 80 ലക്ഷം കാഴ്ച്ചയ്ക്കാർ ഹോട്ട്സ്റ്റാറിൽ ഉണ്ടായിരുന്നു. പിന്നീട് ഇന്ത്യയുടെ ബാറ്റിങ് ആരംഭിച്ചപ്പോൾ അത് ഒരു കോടിയിലേക്ക് കടക്കുകയും അവസാന ഓവറുകളിൽ ഇരട്ടിയാവുകയും ചെയ്തു.

സ്റ്റാർ സ്പോർട്സിൻ്റെ കണക്കുകൾ ഒരാഴ്ച്ചകഴിഞ്ഞേ ലഭ്യമാകൂ. ആ കണക്കുകൾ പുറത്തുവരുന്നതോടെ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വീക്ഷിച്ച മത്സരമായി ഇത് മാറുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങൾക്ക് മാത്രമല്ല ലോകകപ്പിലെ മറ്റു മത്സരങ്ങൾക്കും മികച്ച കാഴ്ച്ചക്കാരാണ് ഹോട്ട്സ്റ്റാറിലുള്ളത്. നമീബിയയും യു എ ഇയും തമ്മിലുളള മത്സരത്തിന് പോലും ശരാശരി നാല് ലക്ഷത്തിനടുത്ത് കാഴ്ച്ചക്കാർ ഹോട്ട്സ്റ്റാറിൽ ഉണ്ടായിരുന്നു.

അടുത്ത ഐസിസി സൈക്കിളിലേക്കുള്ള മീഡിയ റൈറ്റ്സും സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി സ്റ്റാറാണ്. റെക്കോർഡ് തുകയ്ക്ക് റൈറ്റ്സ് സ്വന്തമാക്കിയ സ്റ്റാർ പിന്നീട് ഡിജിറ്റൽ റൈറ്റ്സ് കൈവശം വെയ്ക്കുകയും ടെലിവിഷൻ റൈറ്റ്സ് സോണി-Zee ഗ്രൂപ്പിന് കൈമാറിയിരുന്നു.