Skip to content

രക്ഷകനായി കിങ് കോഹ്ലി, അവസാന പന്തിൽ പാകിസ്ഥാനെതിരെ ആവേശ വിജയം കുറിച്ച് ഇന്ത്യ

ഐസിസി ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ ആവേശവിജയം കുറിച്ച് ഇന്ത്യ. മെൽബണിൽ നടന്ന ആവേശപോരാട്ടത്തിൽ 4 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 160 റൺസിൻ്റെ വിജയലക്ഷ്യം കിങ് കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ് മികവിൽ അവസാന ഓവറിലെ അവസാന പന്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. നാടകീയ രംഗങ്ങൾക്കൊടുവിലാണ് മത്സരത്തിൽ ഇന്ത്യ വിജയം കുറിച്ചത്.

മോശം തുടക്കമാണ് 160 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ലഭിച്ചത്. 15 റൺസ് എടുക്കുന്നതിനിടെ രണ്ട് ഒപ്പണർമാരെയും ഇന്ത്യയ്ക്ക് നഷ്ടമായി. നാല് റൺസ് മാത്രം നേടിയാണ് കെ എൽ രാഹുലും രോഹിത് ശർമ്മയും പുറത്തായത്. നാലാമനായി എത്തിയ സൂര്യകുമാർ യാദവിന് 10 പന്തിൽ 15 റൺസ് നേടാനെ സാധിച്ചുള്ളൂ. അഞ്ചാമനായി എത്തിയ അക്ഷർ പട്ടേൽ റണ്ണൗട്ടായതോടെ ഇന്ത്യയ്ക്ക് 31 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി.

പിന്നീട് ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തികൊണ്ട് വിരാട് കോഹ്ലിയാണ് ഇന്ത്യയെ മത്സരത്തിൽ തിരിച്ചെത്തിച്ചത്. അഞ്ചാം വിക്കറ്റിൽ 113 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഹാർദിക് പാണ്ഡ്യ 37 പന്തിൽ 40 റൺസ് നേടി പുറത്തായപ്പോൾ വിരാട് കോഹ്ലി 53 പന്തിൽ 6 ഫോറും 4 സിക്സും അടക്കം 82 റൺസ് നേടി പുറത്താകാതെ നിന്നു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 34 പന്തിൽ 2 ഫോറും 4 സിക്സുമെ ഉൾപ്പടെ 51 റൺസ് നേടിയ ഇഫ്തിഖാർ അഹമ്മദ്, 42 പന്തിൽ 52 റൺസ് നേടിയ ഷാൻ മസൂദ് എന്നിവരുടെ മികവിലാണ് തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം പൊരുതാവുന്ന സ്കോർ നേടിയത്. ക്യാപ്റ്റൻ ബാബർ അസം ഗോൾഡൻ ഡക്കായപ്പോൾ മൊഹമ്മദ് റിസ്വാൻ നാല് റൺസ് മാത്രം നേടി പുറത്തായി.

ഇന്ത്യയ്ക്ക് വേണ്ടി തൻ്റെ ആദ്യ ലോകകപ്പ് മത്സരം കളിക്കാനെത്തിയ അർഷ്ദീപ് സിങും ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോൾ സീനിയർ താരങ്ങളായ മൊഹമ്മദ് ഷാമിയും ഭുവനേശ്വർ കുമാറും ഓരോ വിക്കറ്റ് വീതം നേടി.

ഒക്ടോബർ 27 ന് നെതർലൻഡ്സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അതേ ദിവസം സിംബാബ്‌വെയ്ക്കെതിരെയാണ് പാകിസ്ഥാൻ്റെ അടുത്ത മത്സരം.