Skip to content

ഇത് ചരിത്രനിമിഷം, ബ്രസീലിൽ ആദ്യമായി ഒരു ക്രിക്കറ്റ് മത്സരം ടെലികാസ്റ്റ് ചെയ്യുന്നു

നാളെ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോൾ അത് ബ്രസീൽ ക്രിക്കറ്റിൻ്റെയും ചരിത്രനിമിഷമാകും. 1800 കളിൽ തന്നെ ക്രിക്കറ്റ് ബ്രസീലിൽ സാന്നിധ്യം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് മറ്റു കായികയിനങ്ങൾക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ ക്രിക്കറ്റിന് സാധിച്ചില്ല.

എന്നാലിപ്പോൾ പതിയെ പതിയെ ക്രിക്കറ്റ് ബ്രസീലിൽ കാലുറപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിൻ്റെ ആദ്യ പടിയായി ചരിത്രത്തിൽ ആദ്യമായി ഒരു ക്രിക്കറ്റ് മത്സരം ബ്രസീലിൽ ടെലിവിഷനിൽ ടെലികാസ്റ്റ് ചെയ്യപെടുകയാണ്. നാളെ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആവേശപോരാട്ടമാണ് ബ്രസീലിൽ സംപ്രേഷണം ചെയ്യുക. Espn ചാനലിലലൂടെയാണ് ഇന്ത്യ പാക് പോരാട്ടം ബ്രസീലിൽ സംപ്രേഷണം ചെയ്യുന്നത്.

ക്രിക്കറ്റ് ബ്രസീലിൻ്റെ ഔദ്യോഗിക അക്കൗണ്ടാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ഇന്ത്യ പാക് മത്സരത്തിനൊപ്പം ആഷസ് റൈവൽസായ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുളള മത്സരവും ബ്രസീലിൽ സംപ്രേഷണം ചെയ്യും.

ജപ്പാനും ബ്രസീലും അടക്കമുളള രാജ്യങ്ങളിൽ ക്രിക്കറ്റ് പതിയെ പതിയെ ചുവടുറപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒക്ടോബർ 20 ന് ആദ്യമായി അന്താരാഷ്ട്ര പദവിയോടെ ബ്രസീൽ മെൻസ് ടീം ആതിഥേയത്വം വഹിച്ചിരുന്നു. സൗത്ത് അമേരിക്കൻ മെൻസ് ക്രിക്കറ്റ് ടൂർണമെൻ്റ് നിലവിൽ നടന്നുകൊണ്ടിരുന്നത് ബ്രസീലിലാണ്. യൂറോപ്യൻ രാജ്യങ്ങളിലെ ടീമുകളിൽ കൂടുതലും കളിക്കുന്നത് ഇന്ത്യയ്ക്കാരും പാകിസ്ഥാനികളുമാണെങ്കിൽ ബ്രസീൽ ടീമിൽ ഭൂരിഭാഗം പേരും തദ്ദേശീയർ തന്നെയാണ്.