Skip to content

കോഹ്ലിയെ കുറിച്ചല്ല, അവനെ കുറിച്ചാണ് ആദ്യം ചോദിക്കേണ്ടത്, സൂര്യകുമാറിനെ അവഗണിച്ച അവതാരകന് തകർപ്പൻ മറുപടി നൽകി ഗൗതം ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റിലെ താരാരാധനയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. പ്രമുഖ ചാനലിൽ സംസാരിക്കവെ സൂര്യകുമാർ യാദവിനെ ഒഴിവാക്കി വിരാട് കോഹ്ലിയെ കുറിച്ചുള്ള അവതാരകൻ്റെ ആദ്യ ചോദ്യമാണ് ഗംഭീറിനെ ക്ഷുഭിതനാക്കിയത്. ഇന്ത്യൻ ടീം കിരീടം നേടാതിരിക്കുന്നതിൽ പ്രധാനപെട്ട കാരണം ഈ താരാരാധനയാണെന്നും ഗൗതം ഗംഭീർ അഭിപ്രായപെട്ടു.

” ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ച് പറയാം. നമ്മൾ ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ചാണ് സംസാരിക്കേണ്ടത്. ഈ താരാരാധന നമ്മൾ നിർത്തണം. ഇത് ഉണ്ടാകാൻ പാടില്ല. ”

” പക്ഷേ മാധ്യമങ്ങൾ ഇന്ത്യയിലെ കളിക്കാരെ ബ്രാൻഡുകളാക്കി മാറ്റികൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിലെ സൂര്യകുമാർ യാദവിൻ്റെ പ്രകടനം വെച്ചുനോക്കിയാൽ അവൻ മറ്റുള്ള ആറ് ബാറ്റ്സ്മാന്മാരേക്കാൾ വളരെ മുൻപിലാണ്. പക്ഷേ അവനെ കുറിച്ച് നിങ്ങൾ എന്നോട് ഒരു ചോദ്യം പോലും ചോദിച്ചില്ല. മറ്റു കളിക്കാരെ അപേക്ഷിച്ച് സോഷ്യൽ മീഡിയയിൽ അവന് ഫോളോവേഴ്സ് ഇല്ലാത്തതാകാം അവനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം. ”

” നിങ്ങൾ ആദ്യം പറഞ്ഞത് പോലും അവൻ്റെ പേരല്ല. കോഹ്ലിയെ കുറിച്ചാണ് നിങ്ങൾ പറഞ്ഞുതുടങ്ങിയത്. അടുത്തതായി നിങ്ങൾ രോഹിത് ശർമ്മയെ കുറിച്ചും കെ എൽ രാഹുലിനെ കുറിച്ചുമാകും പറയുന്നത്. പക്ഷേ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ സൂര്യകുമാർ യാദവിൻ്റെയും ഹാർദിക് പാണ്ഡ്യയുടെയും പേരുകളാണ് ആദ്യം പറയേണ്ടത്. ” ഗൗതം ഗംഭീർ പറഞ്ഞു.