Skip to content

വീണ്ടും തിളങ്ങി കുശാൽ മെൻഡിസ്, അയർലൻഡിനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഏഷ്യ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്ക. അയർലൻഡിനെതിരായ മത്സരത്തിൽ 9 വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്.

മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 129 റൺസിൻ്റെ വിജയലക്ഷ്യം 15 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു. 43 പന്തിൽ 5 ഫോറും 3 സിക്സും ഉൾപ്പടെ 68 റൺസ് നേടിയ കുശാൽ മെൻഡിസാണ് ശ്രീലങ്കയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. അസലങ്ക 22 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്നു. 25 പന്തിൽ 31 റൺസ് നേടിയ ദനഞ്ജയ ഡി സിൽവയുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡിന് വേണ്ടി 34 റൺസ് നേടിയ പോൾ സ്റ്റിർലിങും 42 പന്തിൽ 45 റൺസ് നേടിയ ഹാരി ടെക്ടറും മാത്രമാണ് തിളങ്ങിയത്. ശ്രീലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷ്ണ, ഹസരങ്ക എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

ഒക്ടോബർ 25 ന് ആതിഥേയരായ ഓസ്ട്രേലിയക്കെതിരെയാണ് ശ്രീലങ്കയുടെ അടുത്ത മത്സരം. തൊട്ടടുത്ത ദിവസം ശക്തരായ ഇംഗ്ലണ്ടിനെതിരെയാണ് അയർലൻഡിൻ്റെ അടുത്ത മത്സരം.