Skip to content

ഫോമിനാണ് പ്രാധാന്യം, യുവതാരത്തിനായി വലിയ മാറ്റത്തിനൊരുങ്ങി ഓസ്ട്രേലിയ, സൂപ്പർതാരം പുറത്താകും

ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലെ ആദ്യ പോരാട്ടത്തിൽ ഓസ്ട്രേലിയക്ക് വേണ്ടി ടീമിലെ സീനിയർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് കളിച്ചേക്കില്ല. യുവതാരം ടിം ഡേവിഡായിരിക്കും മോശം ഫോമിലുള്ള സീനിയർ താരം സ്റ്റീവ് സ്മിത്തിന് പകരക്കാരനായി പ്ലേയിങ് ഇലവനിൽ ഇടം നേടുക. ടീമിൻ്റെ ചീഫ് സെലക്ടർ ജോർജ് ബെയ്ലിയാണ് ആദ്യ മത്സരത്തിൽ സ്റ്റീവ് സ്മിത്ത് കളിച്ചേക്കില്ലെന്ന സൂചന നൽകിയത്.

എന്നാൽ ടൂർണമെൻ്റിൻ്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ സ്റ്റീവ് സ്മിത്തിൻ്റെ സേവനം ഓസ്ട്രേലിയക്ക് ആവശ്യം വരുമെന്നും ജോർജ് ബെയ്ലി പറഞ്ഞു.

” ടീമിലെ പതിനഞ്ച് പേർക്കും ഓരോ റോൾ ചെയ്യാനുണ്ടെന്ന് ഞാൻ കരുതുന്നു. പക്ഷേ ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവനിൽ അവൻ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ ടൂർണമെൻ്റിൻ്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ അവൻ്റെ സേവനം ഞങ്ങൾക്ക് ആവശ്യം വന്നേക്കാം. ” ജോർജ് ബെയ്ലി പറഞ്ഞു.

ടെസ്റ്റിലും ഏകദിനത്തിലും ഓസ്ട്രേലിയൻ ടീമിൻ്റെ പ്രധാന താരമാണെങ്കിലും ആ മികവ് ടി20 ക്രിക്കറ്റിൽ തുടരുവാൻ സ്റ്റീവ് സ്മിത്തിന് സാധിച്ചിട്ടില്ല. മോശം ഫോമിനെ തുടർന്ന് സ്റ്റീവ് സ്മിത്തിൻ്റെ സ്ഥാനത്തെ മുൻ താരങ്ങൾ അടക്കമുള്ളവർ ചോദ്യം ചെയ്തിരുന്നു. വെടിക്കെട്ട് താരം ടിം ഡേവിഡ് പ്ലേയിങ് ഇലവനിൽ എത്തുന്നതോടെ ടീം കൂടുതൽ കരുത്തരാകുമെന്ന പ്രതീക്ഷയിലാണ് ഓസ്ട്രേലിയ.