Skip to content

ലോകകപ്പ് നേടുകയെന്നത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം, പക്ഷേ, ലോകകപ്പിലെ ഇന്ത്യയുടെ സമീപനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രോഹിത് ശർമ്മ

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിൻ്റെ സമീപനം എപ്രകാരമാണെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഏറെ പ്രതീക്ഷയോടെയാണ് ഇക്കുറിയും ഇന്ത്യൻ ടീം ലോകകപ്പിനെത്തുന്നത്. പക്ഷേ ഫൈനലിനെ കുറിച്ചോ സെമിഫൈനലിനെ കുറിച്ചോ തങ്ങൾ ഇപ്പോൾ ചിന്തിക്കുകയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ.

ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെയും സൗത്താഫ്രിക്കയെയും സ്വന്തം നാട്ടിൽ പരാജയപെടുത്തിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീമുള്ളത്.

” നമ്മൾ ലോകകപ്പ് നേടിയിട്ട് ഏറെ വർഷങ്ങൾ ആയിരിക്കുന്നു. തീർച്ചയായും ലോകകപ്പ് നേടുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പക്ഷേ അതിനായി ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ട് തന്നെ വളരെ മുന്നേ ചിന്തിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. സെമിഫൈനലിനെ കുറിച്ചോ ഫൈനലിനെ കുറിച്ചോ ഇപ്പോൾ ചിന്തിക്കുന്നില്ല. ”

” കളിക്കാൻ പോകുന്ന ഓരോ ടീമിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ മാത്രമാണ് ഞങ്ങൾ ശ്രമിക്കുന്നത്. അതിൽ മാത്രമായിരിക്കും ഞങ്ങളുടെ ശ്രദ്ധയുള്ളത്. ഓരോ മത്സരത്തിന് വേണ്ടിയും നന്നായി തയ്യാറെുക്കുകയും ശരിയായ ദിശയിലേക്കാണ് ഞങ്ങൾ സഞ്ചരിക്കുന്നതെന്ന് ഉറപ്പാക്കുകയും ചെയ്യും. ” രോഹിത് ശർമ്മ പറഞ്ഞു.

” ക്യാപ്റ്റനാവുകയെന്നത് വലിയ ബഹുമതിയാണ്. ഇത് ക്യാപ്റ്റനെന്ന നിലയിലുള്ള എൻ്റെ ആദ്യ ലോകകപ്പാണ്. അതിനാൽ തന്നെ ഞാൻ വളരെ ആവേശത്തിലാണ്. പെർത്തിൽ മികച്ച രണ്ട് പരിശീലന മത്സരങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. ലോകകപ്പ് വലിയ ഒരു ടൂർണമെൻ്റാണ്. പക്ഷേ അതേ സമയം അതിനെ കുറിച്ച് അധികം സംസാരിക്കാതിരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. കാരണം വർത്തമാന കാലത്തിലാണ് ശ്രദ്ധ നൽകേണ്ടത്. ആ പ്രത്യേക ദിവസം എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിക്കുക. അത് നിങ്ങൾ ആഗ്രഹിക്കുന്നത് നടപ്പിലാക്കും ” രോഹിത് ശർമ്മ കൂട്ടിച്ചേർത്തു