Skip to content

മാക്സ് ഡൗഡിൻ്റെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല, തകർപ്പൻ വിജയത്തോടെ സൂപ്പർ 12 ലേക്ക് യോഗ്യത നേടി ശ്രീലങ്ക

നിർണായക പോരാട്ടത്തിൽ നെതർലൻഡ്സിനെ തകർത്തുകൊണ്ട് ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലേക്ക് യോഗ്യത നേടി ഏഷ്യ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്ക. 16 റൺസിനാണ് നെതർലൻഡ്സിനെ ശ്രീലങ്ക പരാജയപെടുത്തിയത്.

മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 163 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. 53 പന്തിൽ നിന്നും പുറത്താകാതെ 71 റൺസ് നേടിയ മാകർ ഡൗഡ് ഒറ്റയാൾ പോരാട്ടം കാഴ്ച്ചവെച്ചുവെങ്കിലും താരത്തിന് പിന്തുണ നൽകുവാൻ മറ്റാർക്കും സാധിച്ചില്ല. ബൗളിങ് ഓൾ റൗണ്ടർ വാൻഡർ മെർവിന് പരിക്ക് മൂലം ഓടുവാൻ പോലും സാധിക്കാതിരുന്നതും നെതർലൻഡ്സിന് തിരിച്ചടിയായി.

ശ്രീലങ്കയ്ക്ക് വേണ്ടി ഹസരങ്ക മൂന്ന് വിക്കറ്റും മഹീഷ് തീക്ഷ്ണ രണ്ട് വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 44 പന്തിൽ 5 ഫോറും 5 സിക്സും ഉൾപ്പടെ 79 റൺസ് നേടിയ കുശാൽ മെൻഡിസിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. അസലങ്ക 30 പന്തിൽ 31 റൺസ് നേടിയപ്പോൾ രാജപക്സ 13 പന്തിൽ 19 റൺസ് നേടി.

യോഗ്യത റൗണ്ടിലെ നെതർലൻഡ്സിനെ ആദ്യ പരാജയമാണിത്. ആദ്യ മത്സരത്തിൽ യു എ ഇയെയും രണ്ടാം മത്സരത്തിൽ നമീബിയയെയും ശ്രീലങ്ക പരാജയപെടുത്തിയിരുന്നു. ഇരു ടീമുകൾക്കും നാല് പോയിൻ്റ് വീതമാണ് ഉള്ളതെങ്കിലും മികച്ച റൺ റേറ്റിൻ്റെ അടിസ്ഥാനത്തിലാണ് ശ്രീലങ്ക സൂപ്പർ 12 ലേക്ക് യോഗ്യത നേടിയിരിക്കുന്നത്. അടുത്ത മത്സരത്തിൽ നമീബിയ യു എ ഇയോട് പരാജയപെട്ടാൽ മാത്രമേ സൂപ്പർ 12 ലേക്ക് യോഗ്യത നേടുവാൻ നെതർലൻഡ്സിന് സാധിക്കും.