Skip to content

ഫിഫ്റ്റിയുമായി സഞ്ജുവും സച്ചിൻ ബേബിയും, ജമ്മു കാശ്മീരിനെ തകർത്ത് വിജയവഴിയിൽ തിരിച്ചെത്തി കേരളം

സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ ജമ്മു കാശ്മീരിനെ പരാജയപെടുത്തി വിജയവഴിയിൽ തിരിച്ചെത്തി കേരളം. 62 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ കേരളം നേടിയത്.

മത്സരത്തിൽ കേരളം ഉയർത്തിയ 185 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ജമ്മുവിന് 19 ഓവറിൽ 122 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. കേരളത്തിന് വേണ്ടി ബേസിൽ തമ്പിയും കെ എം ആസിഫും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോൾ വൈശാഖ് ചന്ദ്രൻ രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ സഞ്ജുവിൻ്റെയും സച്ചിൻ ബേബിയുടെയും ബാറ്റിങ് മികവിലാണ് മികച്ച സ്കോർ നേടിയത്. സഞ്ജു 56 പന്തിൽ 61 റൺസ് നേടിയപ്പോൾ സച്ചിൻ ബേബി 32 പന്തിൽ 7 ഫോറും 3 സിക്സും അടക്കം 62 റൺസ് നേടി. അബ്ദുൽ ബാസിത് 11 പന്തിൽ 24 റൺസ് നേടി.

ടൂർണമെൻ്റിലെ കേരളത്തിൻ്റെ നാലാം വിജയമാണിത്. ആദ്യ മൂന്ന് മത്സരങ്ങളിൽ വിജയിച്ച കേരളം കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ സർവീസസിനെതിരെയും മഹാരാഷ്ട്രയ്ക്കെതിരെയും പരാജയപെട്ടിരുന്നു. ഒക്ടോബർ 22 ന് മേഘാലയക്കെതിരെയാണ് കേരളത്തിൻ്റെ അടുത്ത മത്സരം.