Skip to content

സപ്പോർട്ട് പാകിസ്ഥാനോ അതോ ഇംഗ്ലണ്ടിനോ, കളി കഴിഞ്ഞിട്ടും സ്റ്റേഡിയത്തിൽ നിന്നും മടങ്ങാതെ മത്സരം വീക്ഷിച്ച് ഇന്ത്യൻ ടീം

ഐസിസി ടി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ തകർപ്പൻ വിജയമായിരുന്നു ഇന്ത്യ നേടിയത്. എന്നാൽ മത്സരശേഷവും സ്റ്റേഡിയത്തിൽ നിന്നും ഇന്ത്യൻ ടീം മടങ്ങാതിരുന്നത് ആരാധകരിൽ ആശ്ചര്യമുണ്ടാക്കി.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന മത്സരത്തിന് ശേഷം അതേ വേദിയിൽ പാകിസ്ഥാനും ഇംഗ്ലണ്ടും ഏറ്റുമുട്ടിയിരുന്നു. മത്സരം കഴിഞ്ഞിട്ടും ഗാബയിൽ നിന്നും മടങ്ങാതിരുന്ന ഇന്ത്യൻ ടീം പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം വീക്ഷിക്കുന്ന കാഴ്ച്ച ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

നേരത്തെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന മത്സരത്തിനിടെ തന്നെ പാകിസ്ഥാൻ ടീം സ്റ്റേഡിയത്തിലെത്തുകയും ഇന്ത്യൻ ടീമിൻ്റെ മത്സരം കാണുകയും ചെയ്തിരുന്നു.

മത്സരത്തിലേക്ക് വരുമ്പോൾ ഇംഗ്ലണ്ട് പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപെടുത്തി. മഴമൂലം 19 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 161 റൺസിൻ്റെ വിജയലക്ഷ്യം 14.4 ഓവറിൽ ഇംഗ്ലണ്ട് മറികടന്നു. 18 പന്തിൽ 36 റൺസ് നേടിയ ബെൻ സ്റ്റോക്സ്, 16 പന്തിൽ 28 റൺസ് നേടിയ ലിയാം ലിവിങ്സ്റ്റൺ, 24 പന്തിൽ 45 റൺസ് നേടിയ ഹാരി ബ്രൂക്, 14 പന്തിൽ 33 റൺസ് നേടിയ സാം കറൻ എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്.

ഒക്ടോബർ 23 ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുന്നത്. മത്സരത്തിനുള്ള ടിക്കറ്റുകൾ ഇതിനോടകം തന്നെ വിറ്റഴിഞ്ഞിട്ടുണ്ട്.