Skip to content

ചെറിയൊരു വെല്ലുവിളി നൽകാൻ വേണ്ടിയാണ് അവന് അവസാന ഓവർ നൽകിയത്, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയക്കെതിരെ നടന്ന സന്നാഹ മത്സരത്തിൽ അവസാന ഓവർ സീനിയർ പേസർ മൊഹമ്മദ് ഷാമിയ്ക്ക് നൽകിയതിന് പിന്നിലെ തീരുമാനത്തെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ത്യ 6 റൺസിന് വിജയിച്ച മത്സരത്തിൽ ഷാമിയെയാണ് അവസാന ഓവർ എറിയാനുളള ഉത്തരവാദിത്വം രോഹിത് ശർമ്മ ഏൽപ്പിച്ചത്.

11 റൺസ് മാത്രമായിരുന്നു അവസാന ഓവറിൽ ബുംറയ്ക്ക് ഡിഫൻഡ് ചെയ്യുവാൻ ഉണ്ടായിരുന്നത്. കമ്മിൻസും ജോഷ് ഇൻഗ്ലിസുമായിരുന്നു ആ സമയത്ത് ക്രീസിൽ ഉണ്ടായിരുന്നത്. ആദ്യ രണ്ട് പന്തിൽ കമ്മിൻസ് ഡബിൾ ഓടുകയും മൂന്നാം പന്തിൽ താരം ബൗണ്ടറി നേടാനുള്ള ശ്രമം കോഹ്ലി തടയുകയും തകർപ്പൻ ക്യാച്ചിലൂടെ താരത്തെ പുറത്താക്കുകയും ചെയ്തു. തൊട്ടടുത്ത പന്തിൽ സ്ട്രൈക്കർ ഇൻഗ്ലിസിനെ എത്തിക്കാനുള്ള ശ്രമത്തിനിടെ ആഷ്ടൻ അഗർ നോൺ സ്ട്രൈക്കർ എൻഡിൽ പുറത്തായി.

അഞ്ചാം പന്ത് നേരിട്ട ഓസ്ട്രേലിയയുടെ ഭാവി വിക്കറ്റ് കീപ്പർ ജോഷ് ഇൻഗ്ലിസിനെ തകർപ്പൻ യോർക്കറിലൂടെ സ്റ്റമ്പ് തെറിപ്പിച്ചുകൊണ്ടാണ് ഷാമി പുറത്താക്കിയത്. അവസാന ഓവർ നേരിട്ടത് കെയ്ൻ റിച്ചാർഡ്സണെ മറ്റൊരു തകർപ്പൻ യോർക്കറിലൂടെ ഷാമി പുറത്താക്കി.

” അവൻ വളരെ കാലത്തിന് ശേഷമാണ് ടീമിൽ തിരിച്ചെത്തുന്നത്. അതിനാൽ അവനൊരു ഓവർ നൽകുവാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്ന.അവൻ ന്യൂ ബോളിൽ എത്രത്തോളം അപകടകാരിയാണെന്ന് ഞങ്ങൾക്കറിയാം. ഡെത്ത് ഓവറിൽ അവന് ഓവർ നൽകുകയായിരുന്നു ഞങ്ങളുടെ പ്ലാൻ. അതുകൊണ്ട് തന്നെ ചെറിയൊരു വെല്ലുവിളി നൽകാൻ വേണ്ടിയാണ് അവന് അവസാന ഓവർ ഞങ്ങൾ നൽകിയത്. എന്താണപ്പോൾ സംഭവിച്ചതെന്ന് നിങ്ങളും കണ്ടുവല്ലോ. ” മത്സരശേഷം രോഹിത് ശർമ്മ പറഞ്ഞു.

ഷാമിയ്ക്ക് പുറമെ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറും ഇന്ത്യയ്ക്ക് വേണ്ടി മികവ് പുലർത്തി. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് 180 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. ഫിഫ്റ്റി നേടിയ കെ എൽ രാഹുലും സൂര്യകുമാർ യാദവുമാണ് ബാറ്റിങിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.