Skip to content

വിജയശില്പിയായി റാസ, ലോകകപ്പിൽ സിംബാബ്വെയ്ക്ക് വിജയതുടക്കം, അയർലൻഡിനെ തകർത്തത് 31 റൺസിന്

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിൽ സിംബാബ്‌വെയ്ക്ക് വിജയതുടക്കം. അയർലൻഡിനെതിരായ മത്സരത്തിൽ 31 റൺസിനാണ് സിംബാബ്‌വെ വിജയിച്ചത്. തകർപ്പൻ ഫോമിലുള്ള സിക്കന്ദർ റാസയാണ് മത്സരത്തിൽ സിംബാബ്‌വെയുടെ വിജയശില്പി.

മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 175 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഐറിഷ് പടയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. അയർലൻഡ് നിരയിൽ ആർക്കും തന്നെ വമ്പൻ സ്കോർ നേടുവാൻ സാധിച്ചില്ല. 27 റൺസ് നേടിയ കർടിസ് കാംഫറായിരുന്നു ഐറിഷ് നിരയിലെ ടോപ്പ് സ്കോറർ.

സിംബാബ്‌വെയ്ക്ക് വേണ്ടി ബ്ലേസിങ് മസ്സാരബനി മൂന്ന് വിക്കറ്റും എൻഗാറവ, ചതാര എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. അവസാന 9 ടി20 മത്സരങ്ങളിൽ സിംബാബ്‌വെ നേടുന്ന എട്ടാം വിജയമാണിത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ 48 പന്തിൽ 82 റൺസ് നേടിയ സിക്കന്ദർ റാസയാണ് മികച്ച സ്കോറിൽ എത്തിച്ചത്. 5 ഫോറും 5 സിക്സും മത്സരത്തിൽ റാസ അടിച്ചുകൂട്ടി. അയർലൻഡിന് വേണ്ടി ജോഷുവ ലിറ്റിൽ മൂന്ന് വിക്കറ്റും മാർക്ക് അഡയർ, സിമി സിങ് എന്നിവർ രണ്ട് വിക്കറ്റും നേടി.

ആദ്യ മത്സരത്തിൽ സ്കോട്ലൻഡിനോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ വെസ്റ്റിൻഡീസാണ് അടുത്ത മത്സരത്തിൽ സിംബാബ്‌വെയുടെ എതിരാളികൾ. അതേ ദിവസം മികച്ച ഫോമിലുള്ള സ്കോട്ലൻഡുമായി അയർലൻഡ് ഏറ്റുമുട്ടും.