Skip to content

ഇന്ത്യയിൽ പോണോ പാകിസ്ഥാനിൽ പോണോയെന്ന് അവർക്ക് തീരുമാനിക്കാം, ആരെയും നിർബന്ധിക്കില്ലെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്

അടുത്ത വർഷം നടക്കാനിരിക്കുന്ന പാകിസ്ഥാൻ പര്യടനത്തിൽ കളിക്കുവാനോ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും പിന്മാറാനോ കളിക്കാരെ നിർബന്ധിക്കുകയില്ലെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്. അടുത്ത വർഷം ഐ പി എൽ നടക്കുന്ന അതേ സമയത്താണ് ന്യൂസിലൻഡിൻ്റെ പാകിസ്ഥാൻ പര്യടനം നടക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായാണ് ന്യൂസിലൻഡിൻ്റെ പാകിസ്ഥാൻ പര്യടനം നടക്കുന്നത്. ഈ വർഷം ഡിസംബർ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി ന്യൂസിലൻഡ് പാകിസ്ഥാനിലെത്തും പിന്നീട് ജനുവരിയിൽ ഏകദിന സൂപ്പർ ലീഗിലെ മൂന്ന് മത്സരങ്ങൾ ഇരുടീമുകളും തമ്മിൽ കളിക്കും.

ഐ പി എൽ നടക്കുന്ന ഏപ്രിൽ മാസത്തിലാണ് രണ്ടാം പര്യടനം നടക്കുന്നത്. ഈ പര്യടനത്തിൽ അഞ്ച് ടി20 മത്സരങ്ങളിലും മൂന്ന് ഏകദിന മത്സരങ്ങളിലും ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടും.

” ഞങ്ങളുടെ ധാരണപ്രകാരം ഞങ്ങളുടെ പ്രധാന ടീം തന്നെ പാകിസ്ഥാനിലേക്ക് തിരിക്കും. പക്ഷേ ഇക്കാര്യത്തിൽ കളിക്കാരുമായോ അവരുടെ അസോസിയേഷനുമായോ ഞാൻ സംസാരിച്ചിട്ടില്ല. എന്നാൽ ഐ പി എല്ലിൽ കളിക്കാൻ അവരെ അനുവദിക്കും. ഐ പി എല്ലും പാകിസ്ഥാൻ പര്യടനവും തിരഞ്ഞെടുക്കാൻ അവർക്ക് സ്വാതന്ത്യമുണ്ട്. ” ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് സി ഇ ഒ പറഞ്ഞു.

നേരത്തെ കഴിഞ്ഞ വർഷം പര്യടനത്തിനായി ന്യൂസിലൻഡ് ടീം പാകിസ്ഥാനിൽ എത്തിയെങ്കിലും ആദ്യ മത്സരത്തിന് നിമിഷങ്ങൾക്ക് മുൻപ് സുരക്ഷ കാരണങ്ങളെ തുടർന്ന് ന്യൂസിലാൻഡ് പിന്മാറിയിരുന്നു. ആഗോളതലത്തിൽ തന്നെ പാകിസ്ഥാന് വൻ നാണക്കേട് ഈ വിഷയം ഉണ്ടാക്കിയിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്നു ഇമ്രാൻ ഖാൻ ഇടപെട്ടിട്ടും ന്യൂസിലൻഡ് പര്യടനത്തിൽ നിന്നും പിന്മാറിയിരുന്നു. അതിനുശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നഷ്ടപരിഹാരവും ന്യൂസിലൻഡ് നൽകിയിരുന്നു.