Skip to content

അമ്പേ പരാജയപെട്ട് ബാറ്റിങ് നിര, തിളങ്ങിയത് കെ എൽ രാഹുൽ മാത്രം, രണ്ടാം പരിശീലന മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി

ഐസിസി ടി20 ലോകകപ്പിന് മുൻപായി വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരെ നടന്ന രണ്ടാം പരിശീലന മത്സരത്തിൽ 36 റൺസിൻ്റെ തോൽവി ഏറ്റുവാങ്ങി ഇന്ത്യ.

മത്സരത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയ ഉയർത്തിയ 169 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.

55 പന്തിൽ 9 ഫോറും 2 സിക്സും അടക്കം 74 റൺസ് നേടിയ കെ എൽ രാഹുൽ മാത്രമാണ് ഇന്ത്യൻ ബാറ്റിങ് നിരയിൽ തിളങ്ങിയത്.

11 പന്തിൽ 9 റൺസ് മാത്രം നേടി പുറത്തായ റിഷഭ് പന്ത് വീണ്ടും നിരാശപ്പെടുത്തിയപ്പോൾ ദിനേശ് കാർത്തിക് 14 പന്തിൽ 10 റൺസ് നേടി പുറത്തായി. ദീപക് ഹൂഡയ്ക്ക് 6 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. രോഹിത് ശർമ്മയും, വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും ബാറ്റ് ചെയ്യാനിറങ്ങിയില്ല.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേൺ ഓസ്ട്രേലിയ 38 പന്തിൽ 52 റൺസ് നേടിയ ഡാർസി ഷോർട്ട്, 41 പന്തിൽ 64 റൺസ് നേടിയ നിക് ഹോബ്സൻ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ നാല് വിക്കറ്റും ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റും അർഷ്ദീപ് ഒരു വിക്കറ്റും നേടി.