Skip to content

കർണാടകയ്ക്കെതിരെ തകർപ്പൻ വിജയം, സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ തുടർച്ചയായ രണ്ടാം വിജയം കുറിച്ച് കേരളം

സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ വമ്പന്മാരായ തകർത്ത് കേരളം.53 റൺസിനാണ് മായങ്ക് അഗർവാൾ നയിക്കുന്ന ശക്തരായ കർണാടകയെ കേരളം പരാജയപെടുത്തിയത്.

മത്സരത്തിൽ കേരളം ഉയർത്തിയ 180 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന കർണാടകയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് നേടാനെ സാധിച്ചുള്ളൂ. പരിചയ സമ്പന്നരായ കർണാടക ബാറ്റ്സ്മാന്മാർക്ക് കേരളത്തിന് മുൻപിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ദേവ്ദത് പടിക്കലും മനീഷ് പാണ്ഡെയും 9 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ മായങ്ക് അഗർവാളിന് റൺസൊന്നും നേടുവാൻ സാധിച്ചില്ല.

നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ വൈശാഖ് ചന്ദ്രനാണ് കർണാടകയെ തകർത്തത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം മൊഹമ്മദ് അസറുദ്ദീൻ്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് മികച്ച സ്കോർ നേടിയത്. 47 പന്തിൽ 8 ഫോറും 6 സിക്സും ഉൾപ്പടെ പുറത്താകാതെ 95 റൺസ് അസറുദ്ദീൻ അടിച്ചുകൂട്ടി. വിഷ്ണു വിനോദ് 27 പന്തിൽ 34 റൺസ് നേടി. മത്സരത്തിലെ വിജയത്തോടെ കേരളം ഗ്രൂപ്പ് സി പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.

നേരത്തെ ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ അരുണാചൽ പ്രദേശിനെ 10 വിക്കറ്റിന് കേരളം തകർത്തിരുന്നു. ഒക്ടോബർ 14 ന് ഹരിയാനയ്ക്കെതിരെയാണ് കേരളത്തിൻ്റെ അടുത്ത മത്സരം.