Skip to content

ഫിഫ്റ്റിയുമായി ബാബർ അസം, ന്യൂസിലൻഡിനെ പരാജയപെടുത്തി തുടർച്ചയായ രണ്ടാം വിജയം കുറിച്ച് പാകിസ്ഥാൻ

ന്യൂസിലൻഡിൽ നടക്കുന്ന ത്രിരാഷ്ട്ര ടി20 സിരീസിൽ തുടർച്ചയായ രണ്ടാം വിജയം കുറിച്ച് പാകിസ്ഥാൻ. ആതിഥേയരായ ന്യൂസിലൻഡിനെ പരാജയപെടുത്തിയാണ് പരമ്പരയിലെ രണ്ടാം വിജയം പാകിസ്ഥാൻ നേടിയത്.

മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 148 റൺസിൻ്റെ വിജയലക്ഷ്യം ക്യാപ്റ്റൻ ബാബർ അസമിൻ്റെ മികവിൽ 18.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ റിസ്വാൻ നേരത്തെ പുറത്തായപ്പോൾ 53 പന്തിൽ 11 ബൗണ്ടറിയടക്കം 79 റൺസ് നേടി പുറത്താകാതെ നിന്ന ബാബരി ടീമിനെ വിജയത്തിൽ എത്തിക്കുകയായിരുന്നു.

ഷദാബ് ഖാൻ 22 പന്തിൽ 34 റൺസ് നേടികൊണ്ട് മികച്ച പ്രകടനം പുറത്തെടുത്തു. കിവികൾക്ക് വേണ്ടി ടിക്നർ രണ്ട് വിക്കറ്റും ട്രെൻഡ് ബോൾട്ട്, ടിം സൗത്തീ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 35 പന്തിൽ 36 റൺസ് നേടിയ കോൺവേ, 16 പന്തിൽ 32 റൺസ് നേടിയ ചാപ്മാൻ, 31 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൻ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റും മൊഹമ്മദ് വാസിം, മൊഹമ്മദ് നവാസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

നാളെ പരമ്പരയിലെ മൂന്നാം മത്സരത്തിൽ ബംഗ്ലാദേശും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടും.