Skip to content

ഫ്ലൈറ്റ് മിസ്സായി, ഷിംറോൺ ഹെറ്റ്മയറിനെ ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കി വെസ്റ്റിൻഡീസ്

ഓസ്ട്രേലിയയിൽ ഈ മാസം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ നിന്നും ഷിംറോൺ ഹെറ്റ്മയറിനെ ഒഴിവാക്കി വെസ്റ്റിൻഡീസ്. ഓസ്ട്രേലിയയിലേക്കുള്ള ഫ്ലൈറ്റ് മിസ്സായതിനെ തുടർന്നാണ് താരത്തെ ടീമിൽ നിന്നും ഒഴിവാക്കിയത്.

ലോകകപ്പിനും ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുമായി വെസ്റ്റിൻഡീസ് ടീം ഇതിനോടകം ഓസ്ട്രേലിയയിൽ എത്തികഴിഞ്ഞു. ശനിയാഴ്ച വ്യക്തിപരമായ കാരണങ്ങളാൽ എത്തിചേരാൻ സാധിക്കാത്തതിനാൽ ഹെറ്റ്മയറിന് മാത്രമായി തിങ്കളാഴ്ച ക്രിക്കറ്റ് ബോർഡ് ഫ്ലൈറ്റ് ഷെഡ്യൂൾ ചെയ്തിരുന്നു. ഇന്നലെ വൈകീട്ട് ഗയാനയിൽ നിന്നും ന്യൂയോർക്കിലെത്താൻ ഹെറ്റ്മയറിനായി ക്രിക്കറ്റ് ബോർഡ് ടിക്കറ്റ് ബുക്ക് ചെയ്യുകയും എന്നാൽ രാവിലെ തന്നെ തനിക്ക് കൃത്യസമയത്ത് എയർപോട്ടിലെത്താൻ സാധിക്കില്ലെന്ന് താരം അറിയിക്കുകയും ചെയ്തതോടെയാണ് കടുത്ത നടപടിയിലേക്ക് ക്രിക്കറ്റ് ബോർഡ് എത്തിയത്.

ഫ്ലൈറ്റ് റീ ഷെഡ്യൂൾ ചെയ്തപ്പോൾ തന്നെ ഇനിയും കാലതാമസമുണ്ടായാൽ ടീമിൽ നിന്നും മാറ്റുകയല്ലാതെ വേറെ നിവൃത്തിയില്ലെന്ന് ഹെറ്റ്മയറിനെ തങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഇതെല്ലാം അവഗണിച്ചതോടെയാണ് ലോകകപ്പ് ടീമിൽ നിന്നും താരത്തെ ഒഴിവാക്കേണ്ടിവന്നതെന്നും ക്രിക്കറ്റ് ബോർഡ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

ഹെറ്റ്മയറിന് പകരക്കാരനായി ഷമർ ബ്രൂക്സിനെ വെസ്റ്റിൻഡീസ് ടീമിൽ ഉൾപെടുത്തി. ഈ ആഴ്ച്ചതന്നെ ബ്രൂക്സ് ഓസ്ട്രേലിയയിലേക്ക് തിരിക്കുമെന്നും വിൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.