Skip to content

യുവനിരയുമായി വിൻഡീസ്, ഐസിസി ടി20 ലോകകപ്പിനുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

ഐസിസി ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് മുൻ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ്. നിക്കോളാസ് പൂരൻ നയിക്കുന്ന ടീമിൽ റോവ്മാൻ പോവലാണ് വൈസ് ക്യാപ്റ്റൻ. മുതിർന്ന താരങ്ങളായ ആന്ദ്രേ റസ്സലിനെയോ സുനിൽ നരെയ്നെയോ വെസ്റ്റിൻഡീസ് ടീമിൽ ഉൾപെടുത്തിയിട്ടില്ല.

കരീബിയൻ പ്രീമിയർ ലീഗിലെ പ്രകടനത്തിൻ്റെ കൂടെ അടിസ്ഥാനത്തിലാണ് ലോകകപ്പ് ടീമിനെ വിൻഡീസ് തിരഞ്ഞെടുത്തിട്ടുള്ളത്. സൂപ്പർ 12 ലേക്ക് നേരിട്ട് യോഗ്യത നേടുവാൻ സാധിക്കാത്തതിനാൽ ക്വാളിഫയറിൽ ശ്രീലങ്ക, നമീബിയ, നെതർലൻഡ്സ്, യു എ ഇ, അയർലൻഡ്, സ്കോട്ലൻഡ്, സിംബാബ്‌വേ എന്നീ ടീമുകൾക്കൊപ്പം വിൻഡീസ് പോരാടേണ്ടി വരും. ഒക്ടോബർ 19 ന് സിംബാബ്‌വെയ്ക്കെതിരെയാണ് വെസ്റ്റിൻഡീസിൻ്റെ ലോകകപ്പിലെ ആദ്യ മത്സരം. സ്കോട്ലൻഡ്, അയർലൻഡ് എന്നീ ടീമുകളാണ് വിൻഡീസിൻ്റെ ഗ്രൂപ്പിലുള്ള മറ്റു ടീമുകൾ. ഓരോ ഗ്രൂപ്പിൽ നിന്നും മുൻപിലെത്തുന്ന രണ്ട് ടീമുകളായിരിക്കും സൂപ്പർ 12 ലേക്ക് പ്രവേശിക്കുക.

ഐസിസി ടി20 ലോകകപ്പിനുള്ള വെസ്റ്റിൻഡീസ് ടീം

നിക്കോളാസ് പൂരൻ (c), റോവ്മാൻ പവൽ (vc), യാനിക് കാരിയ, ജോൺസൺ ചാൾസ്, ഷെൽഡൺ കോട്രെൽ, ഷിമ്രോൺ ഹെറ്റ്മെയർ, ജേസൺ ഹോൾഡർ, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ബ്രാൻഡൻ കിംഗ്, എവിൻ ലൂയിസ്, കൈൽ മേയേഴ്‌സ്, ഒബെഡ് മക്കോയ്, റെയ്മൺ റീഫർ, ഓഡിയൻ സ്മിത്ത്