Skip to content

ഇനി ഐ പി എല്ലിലുമില്ല, ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ച് റോബിൻ ഉത്തപ്പ

ഇന്ത്യൻ ക്രിക്കറ്റിലെ എല്ലാ തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് റോബിൻ ഉത്തപ്പ. തൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് റോബിൻ ഉത്തപ്പ ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണെന്ന തീരുമാനം ആരാധകരുമായി പങ്കുവെച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി 2005 ൽ അരങ്ങേറ്റം കുറിച്ച റോബിൻ ഉത്തപ്പ 46 ഏകദിന മത്സരങ്ങളിലും 13 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 6 ഫിഫ്റ്റിയടക്കം 934 റൺസ് നേടിയ ഉത്തപ്പ ടി20 ക്രിക്കറ്റിൽ 249 റൺസ് നേടിയിട്ടുണ്ട്. അവസാനമായി 2015 ജൂലൈയിലാണ് താരം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.

ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസ് അടക്കം നിരവധി ടീമുകൾക്ക് വേണ്ടി കളിച്ച റോബിൻ ഉത്തപ്പ 205 മത്സരങ്ങളിൽ നിന്നും 27 ഫിഫ്റ്റിയടക്കം 4952 റൺസ് നേടിയിട്ടുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ജേതാക്കളായ 2014 സീസണിൽ 660 റൺസ് നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത് റോബിൻ ഉത്തപ്പയായിരുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കർണാടകയ്ക്കും ഒപ്പം കേരളത്തിനും വേണ്ടി 142 മത്സരങ്ങൾ കളിച്ചിട്ടുള്ള ഉത്തപ്പ 22 സെഞ്ചുറിയും 52 ഫിഫ്റ്റിയുമടക്കം 9446 റൺസ് നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഏകദിനത്തിൽ 203 മത്സരങ്ങൾ കളിച്ചിട്ടുള്ള ഉത്തപ്പ 16 സെഞ്ചുറിയും 33 ഫിഫ്റ്റിയുമടക്കം 6534 റൺസ് നേടിയിട്ടുണ്ട്.