Skip to content

ലോകകപ്പിന് ശേഷം അവൻ ഇന്ത്യൻ ടീമിലെ പ്രധാന താരമാകും, സഞ്ജുവിനെ കുറിച്ച് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത് മുതൽ നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ സെലക്ടർമാർ നേരിട്ടുകൊണ്ടിരിക്കുന്നത്. സഞ്ജു സാംസനെയും ഒപ്പം മൊഹമ്മദ് ഷാമിയെയും ടീമിൽ നിന്നും തഴഞ്ഞ തീരുമാനമാണ് ആരാധകരെ ഒന്നടങ്കം നിരാശരാക്കിയത്. ഷാമിയെ ലോകകപ്പിന് മുൻപായി നടക്കുന്ന ടി20 പരമ്പരകളിലും റിസർവ് കളിക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ സഞ്ജുവിനെ ബിസിസിഐ പാടെ അവഗണിക്കുകയായിരുന്നു.

സഞ്ജുവിനെ ടീമിൽ നിന്നും ഒഴിവാക്കിയ തീരുമാനത്തോട് പ്രതികരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ കൂടിയായ MSK പ്രസാദ്. സഞ്ജുവിനെ ഒഴിവാക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിന് ആർക്ക് പകരമാണ് സഞ്ജുവിനെ ടീമിൽ ഉൾപെടുത്തേണ്ടതെന്ന ചോദ്യത്തോടെയാണ് മുൻ ചീഫ് സെലക്ടർ പ്രതികരിച്ചത്. ഇപ്പോൾ ലോകകപ്പിനുള്ള സ്കീമിൽ സഞ്ജു ഇല്ലെങ്കിലും ഭാവിയിൽ ഇന്ത്യൻ ടീമിലെ പ്രധാന താരമായി സഞ്ജു മാറുമെന്നും പ്രസാദ് പറഞ്ഞു.

” ദീപക് ഹൂഡ ടീമിന് ഒരു എക്സ്ട്രാ ബൗളിങ് ഓപ്ഷൻ നൽകുന്നു. അവന് സഞ്ജുവിനെ പോലെ ഏതൊരു പൊസിഷനിലും ബാറ്റ് ചെയ്യാനുള്ള കഴിവുണ്ട്. ശ്രേയസ് അയ്യർ ശ്രീലങ്കയ്ക്കെതിരെയും വിൻഡീസിനെതിരെയും നടന്ന ഹോം സിരീസുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ടീം മാനേജ്മെൻ്റ് സഞ്ജുവിനെ എടുക്കുമായിരുന്നുവെങ്കിൽ ഈ കഴിഞ്ഞ ഏഷ്യ കപ്പിലോ അല്ലെങ്കിൽ വരുന്ന ടി20 പരമ്പരകളിലോ അവന് അവസരം നൽകിയേനെ. ”

” സഞ്ജുവിനെ ഉൾപെടുത്തിയില്ലെങ്കിൽ അവൻ ലോകകപ്പിനുള്ള സ്കീമിൽ ഇല്ലയെന്നത് തന്നെയാണ് അർത്ഥം. പക്ഷേ ലോകകപ്പിന് ശേഷം സഞ്ജുവും രവി ബിഷ്നോയും ഇഷാൻ കിഷനും അടക്കമുളള താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും അവർ ഇന്ത്യൻ ടി20 ടീമിലെ പ്രാധാന താരങ്ങളായി മാറും. ” Msk പ്രസാദ് പറഞ്ഞു.