Skip to content

വുമൺസ് ക്രിക്കറ്റിൽ മറ്റൊരു താരത്തിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി സ്മൃതി മന്ദാന

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദാന കാഴ്ച്ചവെച്ചത്. മത്സരത്തിൽ ഫിഫ്റ്റി തകർത്തടിച്ച താരത്തിൻ്റെ മികവിലാണ് 8 വിക്കറ്റിൻ്റെ തകർപ്പൻ വിജയം ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിലെ ഈ പ്രകടനത്തോടെ വനിത ക്രിക്കറ്റിൽ മറ്റൊരു ബാറ്റർക്കും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് സ്മൃതി മന്ദാന.

മത്സരത്തിൽ 36 പന്തിൽ നിന്നും ഫിഫ്റ്റി പൂർത്തിയാക്കിയ സ്മൃതി മന്ദാന 53 പന്തിൽ 13 ബൗണ്ടറിയടക്കം പുറത്താകാതെ 79 റൺസ് നേടിയിരുന്നു. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ താരത്തിൻ്റെ പതിനേഴാം ഫിഫ്റ്റിയാണിത്. കൂടാതെ ഇന്ത്യയ്ക്ക് പുറത്ത് താരം നേടുന്ന പത്താം ഫിഫ്റ്റി കൂടിയാണിത്.

ഇതോടെ അന്താരാഷ്ട്ര വനിത ടി20 ക്രിക്കറ്റിൽ വിദേശത്ത് ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടുന്ന താരമെന്ന തകർപ്പൻ റെക്കോർഡ് സ്മൃതി മന്ദാന സ്വന്തമാക്കി. വിദേശത്ത് 9 ഫിഫ്റ്റി നേടിയിട്ടുള്ള സ്റ്റഫാനി ടെയ്‌ലറെയാണ് മന്ദാന പിന്നിലാക്കിയത്.

കൂടാതെ അന്താരാഷ്ട്ര വുമൺസ് ടി20 ക്രിക്കറ്റിൽ ചേസിങിൽ സ്മൃതി മന്ദാന നേടുന്ന പത്താം ഫിഫ്റ്റി കൂടിയാണിത്. ഇതോടെ ചേസിങിൽ ഏറ്റവും കൂടുതൽ തവണ 50+ സ്കോർ നേടുന്ന വനിത താരമെന്ന നേട്ടത്തിൽ മുൻ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ സാറ ടെയ്‌ലർക്കൊപ്പം സ്മൃതി മന്ദാനയെത്തി. 11 തവണ 50+ സ്കോർ നേടിയിട്ടുള്ള വിൻഡീസ് താരം സ്റ്റഫാനി ടെയ്ലർ മാത്രമാണ് ഇനി സ്മൃതി മന്ദാനയ്ക്ക് മുൻപിലുള്ളത്.