Skip to content

9 ഓവറിൽ വെറും 5 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ്, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് നമീബിയൻ സ്പിന്നർ

ക്രിക്കറ്റിൽ ഈ അടുത്ത കാലത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന അസോസിയേറ്റ് രാജ്യമാണ് നമീബിയ. ടി20 ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും മികച്ച പ്രകടനമാണ് ടീം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഏകദിന ക്രിക്കറ്റിൽ അവിശ്വസനീയ ബൗളിങ് പ്രകടനം പുറത്തെടുത്ത് ഞെട്ടിച്ചിരിക്കുകയാണ് നമീബിയൻ സ്പിന്നർ ബെർണാഡ് ഷോൾട്സ്.

ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ലീഗിൽ അമേരിക്കയ്ക്കെതിരെയാണ് തകർപ്പൻ പ്രകടനം ഈ താരം കാഴ്ച്ചവെച്ചത്. 8.5 ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബെർണാഡ് വെറും 5 റൺസ് മാത്രമാണ് വഴങ്ങിയത്. താരത്തിൻ്റെ മികവിൽ 177 റൺസ് പിന്തുടരുകയായിരുന്ന യു എസ് എയെ 31.5 ഓവറിൽ 97 റൺസിൽ ചുരുക്കികെട്ടിയ നമീബിയ മത്സരത്തിൽ 79 റൺസിൻ്റെ വിജയം കുറിച്ചു.

ഏകദിന ക്രിക്കറ്റിലെ ഒരു അസോസിയേറ്റ് രാജ്യത്തിൽ നിന്നുള്ള ബൗളറുടെ ഏറ്റവും എക്കണോമിക്കൽ സ്പെല്ലാണിത്. കൂടാതെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഏഴാമത്തെ എക്കണോമിക്കൽ സ്പെൽ കൂടിയാണിത്. 0.56 / ഓവർ എന്ന നിരക്കിലാണ് താരം മത്സരത്തിൽ റൺസ് വഴങ്ങിയത്.

ഐസിസി ടി20 ലോകകപ്പിനുള്ള നമീബിയൻ ടീമിലെ നിർണായക താരം കൂടിയാണ് ബെർണാഡ്. കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിലും യോഗ്യത നേടുവാൻ നമീബിയക്ക് സാധിച്ചിരുന്നു.