Skip to content

പകരം വീട്ടി ശ്രീലങ്ക, സൂപ്പർ ഫോറിലെ ആദ്യ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെതിരെ തകർപ്പൻ വിജയം

ഏഷ്യ കപ്പിലെ ആദ്യ സൂപ്പർ ഫോർ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനനെതിരെ ശ്രീലങ്കയ്ക്ക് 4 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 176 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക അവസാന ഓവറിൽ അഞ്ച് പന്ത് ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്നു.

28 പന്തിൽ 35 റൺസ് നേടിയ പാതും നിസങ്ക, 19 പന്തിൽ 36 റൺസ് നേടിയ കുശാൽ മെൻഡിസ്, 20 പന്തിൽ 33 റൺസ് നേടിയ ഗുണതിലക, 14 പന്തിൽ 31 റൺസ് നേടിയ രാജപക്സ എന്നിവരുടെ മികവിലാണ് തകർപ്പൻ വിജയം ശ്രീലങ്ക കുറിച്ചത്. ഹസരങ്ക 9 പന്തിൽ 16 റൺസ് നേടി പുറത്താകാതെ നിന്നു. നേരത്തെ ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനോട് ശ്രീലങ്ക ദയനീയമായി പരാജയപെട്ടിരുന്നു. തുടർന്ന് ബംഗ്ലാദേശിനെതിരെ ആവേശവിജയം നേടിയാണ് ശ്രീലങ്ക സൂപ്പർ ഫോറിലേക്ക് യോഗ്യത നേടിയത്.

അഫ്ഗാനിസ്ഥാന് വേണ്ടി മുജീബ് റഹ്മാൻ, നവീൻ ഉൾ ഹഖ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 45 പന്തിൽ 4 ഫോറും 6 സിക്സും അടക്കം 84 റൺസ് നേടിയ വിക്കറ്റ് കീപ്പർ ഗർബാസിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഇബ്രാഹിം സദ്രാൻ 38 പന്തിൽ 40 റൺസ് നേടി.

നാളെ ഇന്ത്യയും പാകിസ്ഥാനും തമ്മിലാണ് സൂപ്പർ ഫോറിലെ അടുത്ത മത്സരം. സെപ്റ്റംബർ ആറിന് ഇന്ത്യയ്ക്കെതിരെയാണ് ശ്രീലങ്കയുടെ അടുത്ത മത്സരം. തൊട്ടടുത്ത ദിവസം പാകിസ്ഥാനെതിരെയാണ് അഫ്ഗാനിസ്ഥാൻ്റെ അടുത്ത മത്സരം.