Skip to content

ചരിത്രം രചിച്ച് സിംബാബ്‌വെ, മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ചരിത്രവിജയം കുറിച്ച് സിംബാബ്‌വെ. മത്സരത്തിൽ മൂന്ന് വിക്കറ്റിൻ്റെ വിജയം നേടിയാണ് മുൻ ലോക ചാമ്പ്യന്മാരെ സിംബാബ്‌വെ അട്ടിമറിച്ചത്. മത്സരത്തിൽ ഓസ്ട്രേലിയയെ 141 റൺസിൽ ചുരുക്കികെട്ടിയ സിംബാബ്‌വെ 142 റൺസിൻ്റെ വിജയലക്ഷ്യം 39 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ സിംബാബ്‌വെ മറികടന്നു.

ഏകദിന ക്രിക്കറ്റിൽ എട്ട് വർഷങ്ങൾക്ക് ശേഷമാണ് സിംബാബ്‌വെ ഓസ്ട്രേലിയയെ പരാജയപെടുത്തുന്നത്. ഇതിന് മുൻപ് 2014 ൽ സ്വന്തം നാട്ടിൽ നടന്ന മത്സരത്തിലും 1983 ൽ ഇംഗ്ലണ്ടിൽ വെച്ചുനടന്ന മത്സരത്തിലുമാണ് സിംബാബ്‌വെ ഓസ്ട്രേലിയയെ പരാജയപെടുത്തിയിട്ടുള്ളത്. ഓസ്ട്രേലിയൻ മണ്ണിലെ സിംബാബ്വെയുടെ ആദ്യ വിജയം കൂടിയാണിത്.

35 റൺസ് നേടിയ മറുമാനി, 37 റൺസ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ചകാബാവ എന്നിവരാണ് ഓസ്ട്രേലിയൻ ബൗളിങ് നിരയ്ക്ക് മുൻപിൽ പൊരുതി സിംബാബ്‌വെയെ വിജയത്തിലെത്തിച്ചത്. ഓസ്ട്രേലിയക്ക് വേണ്ടി ജോഷ് ഹേസൽവുഡ് പത്തോവറിൽ 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ മൂന്നോവറിൽ 10 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ റയാൻ ബേളാണ് തകർത്തത്. ഡേവിഡ് വാർണർ, ഗ്ലെൻ മാക്സ്‌വെൽ, ആഷ്ടൺ അഗർ, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവരെയാണ് തൻ്റെ മൂന്നോവറിൽ ബേൾ പുറത്താക്കിയത്. ബ്രാഡ് ഇവാൻസ് രണ്ട് വിക്കറ്റ് വീഴ്ത്തി.

96 പന്തിൽ 94 റൺസ് നേടിയ ഓപ്പണർ ഡേവിഡ് വാർണർ മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ തിളങ്ങിയത്. വാർണറിന് പുറമെ 19 റൺസ് നേടിയ ഗ്ലെൻ മാക്സ്‌വെൽ മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ രണ്ടക്കം കടന്നത്. സ്റ്റീവ് സ്മിത്ത് ഒരു റൺ മാത്രം നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 5 റൺസ് നേടി പുറത്തായി. ആദ്യ രണ്ട് മത്സരങ്ങളിൽ വിജയിച്ച ഓസ്ട്രേലിയ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.